BREAKING NEWSNATIONAL

‘ഗവര്‍ണറെ മാറ്റരുത്, 2024ലെ തിരഞ്ഞെടുപ്പ് വരെ അദ്ദേഹം തുടരട്ടെ’: പരിഹാസവുമായി എംകെ സ്റ്റാലിന്‍

ചെന്നൈ:ഗവര്‍ണര്‍ ആര്‍എന്‍ രവിക്കെതിരെ പരിഹാസവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ദ്രാവിഡം എന്താണെന്ന് ആവര്‍ത്തിച്ച് ചോദിക്കുന്ന ഒരാള്‍ തമിഴ്നാട് ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്നത് നല്ലതാണെന്ന് പറഞ്ഞായിരുന്നു സ്റ്റാലിന്റെ പരിഹാസം. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ഗവര്‍ണര്‍ തല്‍സ്ഥാനത്ത് തുടരണമെന്നും അത് ഡിഎംകെക്ക് പ്രയോജനം ചെയ്യുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ചെന്നൈയില്‍ ഒരു വിവാഹ ചടങ്ങില്‍ സംസാരിക്കവെയാണ് ഗവര്‍ണര്‍ക്കെതിരായ സ്റ്റാലിന്റെ പരിഹാസം.
‘എന്നെ സംബന്ധിച്ചിടത്തോളം, ദ്രാവിഡം എന്താണെന്ന് ആവര്‍ത്തിച്ച് ചോദിക്കുന്ന വ്യക്തി ഗവര്‍ണറായി തുടരട്ടെ, അത് ഞങ്ങളുടെ പ്രചാരണത്തിന് കൂടുതല്‍ ശക്തിപകരും,ഗവര്‍ണറെ മാറ്റരുതെന്ന് ഞാന്‍ പ്രധാനമന്ത്രി മോദിയോടും അമിത് ഷായോടും അഭ്യര്‍ത്ഥിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് വരെ അദ്ദേഹം തല്‍സ്ഥാനത്ത് തുടരട്ടെ,’ സ്റ്റാലിന്‍ പറഞ്ഞു. ഗവര്‍ണര്‍ രവിയും ഡിഎംകെയും തമ്മില്‍ വിവിധ ഭരണപ്രശ്‌നങ്ങളിലുള്‍പ്പെടെ ആശയപരമായ ഭിന്നതകള്‍ നിലനിക്കുന്ന സാഹചര്യത്തിലാണ് സ്റ്റാലിന്റെ പരിഹാസം.
അതേസമയം തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയുടെ ഔദ്യോഗിക വസതിയായ രാജ്ഭവനു നേരെ കഴിഞ്ഞ ദിവസം പെട്രോള്‍ ബോംബ് എറിഞ്ഞ വിനോദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജ്ഭവന്റെ മുന്‍വശത്തെ കവാടത്തിന് നേരെയാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. 2022-ല്‍, ചെന്നൈയിലെ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) ഓഫീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസിലെ പ്രതിയാണ് വിനോദ്. കേസില്‍ ഈ അടുത്താണ് ഇയാള്‍ ജയില്‍ മോചിതനായത്.
സൈദാപേട്ട് കോടതി പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിളില്‍ നിന്ന് പെട്രോള്‍ മോഷ്ടിച്ച വിനോദ് രണ്ട് കുപ്പികളില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി രാജ്ഭവനിലേക്ക് നടന്ന് പ്രധാന ഗേറ്റിന് നേരെ എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പക്കല്‍ രണ്ട് ബോംബുകള്‍ കൂടി ഉണ്ടായിരുന്നതായും , ഇത് എറിയുന്നതിന് മുന്‍പ് രാജ്ഭവന് മുന്നില്‍ വിന്യസിച്ചിരുന്ന പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നെനും പോലീസ് അറിയിച്ചു. അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.
‘ഇന്ന് രാജ്ഭവന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞത് തമിഴ്നാട്ടിലെ യഥാര്‍ത്ഥ ക്രമസമാധാന നിലയെ പ്രതിഫലിപ്പിക്കുന്നു. ഡിഎംകെ അപ്രധാനമായ വിഷയങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചുവിടുന്ന തിരക്കില്‍ മുഴുകുമ്പോള്‍, ക്രിമിനലുകള്‍ തെരുവിലിറങ്ങുന്നു, 2022 ഫെബ്രുവരിയില്‍ ചെന്നൈയിലെ ബിജെപിയുടെ തമിഴ്നാട് ആസ്ഥാനം ആക്രമിച്ച അതേ വ്യക്തിയാണ് ഇന്ന് രാജ്ഭവന്‍ ആക്രമണത്തിന് ഉത്തരവാദി. തുടര്‍ച്ചയായ ഈ ആക്രമണങ്ങള്‍ ഡിഎംകെ സര്‍ക്കാരാണ് സ്പോണ്‍സര്‍ ചെയ്യുന്നതെന്ന് ചിന്തിക്കാന്‍ മാത്രമേ സാധിക്കൂ.”- അണ്ണാമലൈ എക്സില്‍ പോസ്റ്റ് ചെയ്തു.

Related Articles

Back to top button