BREAKING NEWSKERALALATEST

ചെമ്മാട് ഹജൂര്‍ കച്ചേരി ഇനി പൈതൃക മ്യൂസിയം

തിരൂരങ്ങാടി: വൈദേശികാധിപത്യത്തിനെതിരിലുള്ള ചെറുത്ത് നില്‍പ്പിന്റെയും രാജ്യസ്‌നേഹത്തിന്റെ കരുത്തുറ്റ ചേര്‍ത്ത് നില്‍പ്പിന്റെയും വീരേതിഹാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ചെമ്മാട്ടെ ഹജൂര്‍ കച്ചേരി ഇനിമുതല്‍ ഇന്നലെകളുടെ നേര്‍ക്കാഴ്ചകള്‍ പുതുതലമുറകള്‍ക്ക് പകര്‍ന്ന് നല്‍കുന്ന പ്രദര്‍ശനാലയം. പുരാവസ്തു വകുപ്പിന് കീഴില്‍ ഹജൂര്‍ കച്ചേരിയില്‍ സജ്ജീകരിച്ച ജില്ലാ പൈതൃകമ്യൂസിയം ഇന്നലെ വൈകിട്ട് മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ നാടിനു സമര്‍പ്പിച്ചു.
ചരിത്രം, പൈതൃകം എന്നിവയുടെ തെളിവുകള്‍ കണ്ടെടുത്ത് സംരക്ഷിക്കുകയും പഠനവിധേയമാക്കുകയും നമ്മുടെ പ്രൌഢമായ ഭൂതകാലത്തെപ്പറ്റി വരും തലമുറയ്ക്ക് അവബോധം പകര്‍ന്നു നല്കുകയും ചെയ്യേണ്ടത് നമ്മുടെ ബാധ്യതയാണെന്ന് മന്ത്രി പറഞ്ഞു. പുരാവസ്തു മ്യൂസിയങ്ങളും ജില്ലാപൈതൃക മ്യൂസിയങ്ങളും സ്ഥാപിച്ചുവരുന്നത് ഇക്കാര്യം പരിഗണിച്ചാണ്. ഒരു പ്രദേശത്തിന്റെ വികസന സ്പന്ദനങ്ങളില്‍ മ്യൂസിയങ്ങള്‍ക്ക് അനിഷേധ്യമായ പങ്കും സ്ഥാനവും ഉണ്ടാവണം. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ താല്പര്യവും കാഴ്ചപ്പാടുമുള്ള വ്യക്തികളെ ഔദ്യോഗികമായി ഈ സംവിധാനത്തിന്റെ ഭാഗമാക്കി മ്യൂസിയങ്ങളെ ജനകീയവത്കരിക്കുക എന്നതാണ് ഇതിനുള്ള പോംവഴി. ഈ ലക്ഷ്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ എച്ച്.എം.സി മാതൃകയില്‍ മ്യൂസിയം മാനേജ്‌മെന്റ് കമ്മറ്റികള്‍ രൂപീകരിക്കും. ഇതിനായി ആവശ്യമായ നിയമനിര്‍മ്മാണം നടത്തും. ഇത്തരം ഒരു സോഷ്യല്‍ മോണിറ്ററിംഗ് മെക്കാനിസം പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി മലപ്പുറം ജില്ലാ പൈതൃക മ്യൂസിയത്തില്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഉദ്ഘാടന ചടങ്ങില്‍ മന്ത്രി വി അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. മ്യൂസിയത്തിലേക്കുള്ള നവീകരിച്ച റോഡിന്റെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
12 ഗാലറികളിലായി ജില്ലയുടെ ചരിത്രവും പൈതൃകവും സംസ്‌കാരവും കൃത്യമായി ആവിഷ്‌കരിക്കുന്ന വിധത്തിലാണ് മ്യൂസിയം സജ്ജീകരിച്ചിട്ടുള്ളത്. വര്‍ത്തമാനത്തില്‍ നിന്ന് ഇന്നലകളിലേക്കുള്ള ഒരു മണിക്കൂര്‍ നീണ്ട സഞ്ചാരം വിജ്ഞാനവും കതുകവും പകരുന്നതാണ്. വ്യത്യസ്ഥ കാലഘട്ടങ്ങളിലെ ചരിത്രവും സംസ്‌കാരവും വരച്ച് കാണിക്കുന്ന ഗാലറികളിലൂടെ അവസാനം വരാന്തയില്‍ ഒരുക്കിയിട്ടുള്ള ഇന്‍ട്രാക്ടീവ് ഏരിയയില്‍ എത്തുന്നു.
ബ്രിട്ടീഷുകാരുടെ ഹജൂര്‍ കച്ചേരിയായിരുന്ന ഈ കെട്ടിടം നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1921ലെ മലബാര്‍ സമരം പൊട്ടിപ്പുറപ്പെട്ടത് ഇതിനു മുന്നില്‍ വെച്ച് നടന്ന വെടിവെപ്പിനെ തുടര്‍ന്നായിരുന്നു. ആ സംഭവത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷുകാരായ ജോണ്‍ ഡങ്കണ്‍ റൗളിയുടെയും വില്യം ജോണ്‍സന്റെയും ശവകുടീരങ്ങള്‍ ഇന്നും ഇവിടെയുണ്ട്. ടിപ്പു സുല്‍ത്താനടക്കമുള്ള മൈസൂര്‍ രാജാക്കന്മാരുടെ തന്ത്ര പ്രധാനമായ കേന്ദ്രമായിരുന്ന ചെമ്മാട് കോട്ടപ്പറമ്പിലെ കോട്ട പൊളിച്ച അവശിഷ്ടങ്ങള്‍ കൊണ്ടാണ് ഹജൂര്‍ കച്ചേരി നിര്‍മ്മിച്ചിട്ടുള്ളത്.
ഇന്ന് മുതല്‍ മ്യൂസിയം പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തുറന്ന് കൊടുക്കും. ആദ്യ ദിനങ്ങളില്‍ പ്രവേശനം സൗജന്യമായിരിക്കും. തിങ്കളാഴ്ചയാണ് അവധി.

Related Articles

Back to top button