ന്യൂഡല്‍ഹി: കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത്. കഴിഞ്ഞ ഒന്‍പത് കൊല്ലമായി ഈ ഏജന്‍സികളെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുവെന്നും ഗെഹ്ലോത്ത് തുറന്നടിച്ചു.
ഏജന്‍സികള്‍ എന്തെങ്കിലും സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തുകയും ഉത്തരവാദികളെ പ്രൊസിക്യൂട്ട് ചെയ്യുകയും ചെയ്താല്‍ തന്റെ സര്‍ക്കാര്‍ ഊഷ്മളമായി സ്വാഗതം ചെയ്യും. പക്ഷേ, പ്രതിപക്ഷ നേതാക്കളെ ലക്ഷ്യംവെക്കുന്ന രാഷ്ട്രീയ ഉപകരണം മാത്രമായി ഈ ഏജന്‍സികള്‍ ചുരുങ്ങി. രാഷ്ട്രീയക്കാര്‍ ബി.ജെ.പി.യില്‍ ചേരുന്ന മുറയ്ക്ക് അവര്‍ക്കെതിരായ കുറ്റങ്ങള്‍ വാഷിങ് മെഷിനില്‍ അലക്കിയതുപോലെ അപ്രത്യക്ഷമാകുമെന്നും ഗെഹ്ലോത്ത് പറഞ്ഞു.
മോദിജീ നിങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കിലും നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു. രാജ്യത്ത് നടക്കുന്നതെന്താണ്? ജനാധിപത്യം ഭീഷണിയിലാണ്… ഭരണഘടനയെ കീറിമുറിക്കുന്നു. ഇ.ഡി., ആദായ നികുതി വകുപ്പ്, സി.ബി.ഐ. എന്നിവ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നു. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യംവെച്ചുള്ള റെയ്ഡുകളിലൂടെ അവ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി രാഷ്ട്രീയ ആയുധമായി മാറി.
രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോത്തസരയുടെ ജയ്പുരിലെയും സിക്കാറിലെയും വീടുകളില്‍ വ്യാഴാഴ്ച ഇ.ഡി. റെയ്ഡ് നടത്തുകയും ഫെമ കേസില്‍ മകന്‍ വൈഭവ് ഗെഹ്ലോത്തിനെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
നവംബര്‍ 25-നാണ് രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഡിസംബര്‍ മൂന്നിന് വോട്ടെണ്ണല്‍. സംസ്ഥാനത്ത് വിജയം ആവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഒന്നാം വര്‍ഷ കോളേജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പ്, 500 രൂപക്ക് ഗ്യാസ്, രണ്ട് രൂപയ്ക്ക് പശുവിന്റെ ചാണകം, പ്രകൃതി ദുരന്തങ്ങളില്‍പ്പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ, കുടുംബനാഥയ്ക്ക് പ്രതിവര്‍ഷം 10,000 രൂപ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാര്‍ധക്യ പെന്‍ഷന്‍ പദ്ധതി നിയമം, എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം തുടങ്ങി ഏഴ് വന്‍ വാഗ്ദാനങ്ങളാണ് തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ട് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
1,097 1 minute read