BREAKING NEWSKERALALATEST

സ്‌ഫോടനം ആസൂത്രിതമോയെന്ന് അന്വേഷണം; അമിത് ഷാ മുഖ്യമന്ത്രിയെ വിളിച്ചു; സമൂഹമാധ്യമങ്ങള്‍ അടക്കം നിരീക്ഷണത്തില്‍

കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ പൊട്ടിത്തെറി ബോംബ് സ്‌ഫോടനമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആസൂത്രിതമായി സ്‌ഫോടനം നടത്തിയാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സ്ഥലം തന്നെ സ്‌ഫോടനം നടത്താന്‍ തെരഞ്ഞെടുത്തതിന് പിന്നില്‍ പ്രത്യേക ലക്ഷ്യമുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

പ്രഹരശേഷി കുറഞ്ഞ സ്‌ഫോടക വസ്തുക്കളാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് കളമശ്ശേരിയിലെത്തും. ഡിജിപിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം. എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് എഡിജിപി വ്യക്തമാക്കി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

സ്ഥലത്തു നിന്നും ശേഖരിച്ച തെളിവുകള്‍ പരിശോധിക്കാനായി എട്ടംഗ പൊലീസ് സംഘത്തെ നിയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ അടക്കം നിരീക്ഷിക്കാനും ഈ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിജിപി അടക്കം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെല്ലാം കൊച്ചിയിലേക്കെത്തും. ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് സ്‌ഫോടനമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനോട് ഫോണില്‍ വിളിച്ച് സംസാരിച്ചു.
ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് സംസ്ഥാന പൊലീസിനോട് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Related Articles

Back to top button