KERALALATEST

പരിക്കേറ്റ നാലുപേരുടെ നില ഗുരുതരം; മരിച്ച ലിബിനയുടെ അമ്മയും സഹോദരനും വെന്റിലേറ്ററില്‍

കൊച്ചി: കളമശ്ശേരി യഹോവ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള നാലുപേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതില്‍ ഇന്നലെ രാത്രി മരിച്ച 12 വയസ്സുകാരി ലിബിനയുടെ അമ്മയും സഹോദരനും ഉള്‍പ്പെടുന്നു.

അമ്മയ്ക്ക് 50 ശതമാനവും സഹോദരന് 60 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ഇവര്‍ വെന്റിലേറ്ററിലാണ്. രാജഗിരി ആശുപത്രിയിലും ഒരാള്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലുള്ളവരില്‍ 12 പേര്‍ ഐസിയുവിലാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

പരിക്കേറ്റ ബാക്കിയുള്ളവരെല്ലാം ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്തു മരിച്ച സ്ത്രീയുടെ ബന്ധുവിന്റെ ഡിഎന്‍എ പരിശോധന നടത്തും. ബന്ധുക്കള്‍ക്ക് ഐഡന്റിഫൈ ചെയ്യാന്‍ കഴിയാത്ത തരത്തില്‍ പൊള്ളലേറ്റ സാഹചര്യത്തിലാണ് ബന്ധുവിന്റെ ഡിഎന്‍എ പരിശോധന നടത്തുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സ്‌ഫോടനത്തില്‍ മൂന്നുപേരാണ് മരിച്ചത്. സംഭവസ്ഥലത്തു വെച്ചു തന്നെ കുറുപ്പംപടി സ്വദേശിനി ലയോണ പൗലോസ് (60) മരിച്ചിരുന്നു.  ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ച തൊടുപുഴ വണ്ണപ്പുറം സ്വദേശി കുളത്തില്‍ കുമാരി(52)യാണ് മരിച്ച രണ്ടാമത്തെയാള്‍. മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ ലിബിന (12)യാണ് മരിച്ച മൂന്നാമത്തെയാള്‍. വെന്റിലേറ്ററിലായിരുന്ന ലിബിന  രാത്രി 1.30 ഓടെയാണ് മരിച്ചത്.

Related Articles

Back to top button