BREAKING NEWSKERALA

ഇടനിലക്കാരിയുടെ മൊഴി, കൊല്ലം പൊലീസ് ബെംഗളൂരുവിലേക്ക്; മയക്കുമരുന്ന് സംഘത്തില പ്രധാനി, സുഡാന്‍ പൗരന്‍ പിടിയില്‍

കൊല്ലം: കേരളത്തിലേക്ക് മയക്ക് മരുന്ന് കടത്തുന്ന കേസിലെ മുഖ്യപ്രതികളിലൊരാളെ കൊല്ലം പൊലീസ് അറസ്റ്റ് ചെയ്തു.ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്ക് മരുന്ന് മാഫിയയിലെ പ്രധാനിയായ സുഡാന്‍ പൗരന്‍ റാമി ഇസുല്‍ദീന്‍ ആദം അബ്ദുല്ലയാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. പ്രതിയില്‍ നിന്ന് വന്‍കിട ലഹരിമരുന്ന് ഇടപാടുകളുടെ വിവരം പൊലീസിന് കിട്ടിയിട്ടുണ്ട്.കൊല്ലം പൊലീസ് ബെംഗളൂരിവില്‍ എത്തി നടത്തിയ അന്വേഷണത്തിലാണ് റാമി ഇസുല്‍ദിന്‍ ആദം അബ്ദുല്ലയെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം നഗരത്തില്‍ എംഡിഎംഎയുമായി പിടിയിലായ ഇരവിപുരം സ്വദേശി ബാദുഷയെ ചോദ്യം ചെയ്തപ്പോഴാണ് രാസ ലഹരിയുടെ ഉറവിടം സംബന്ധിച്ച് പൊലീസിന് വിവരം കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണര്‍ മെറിന്‍ ജോസഫിന്റെ നിര്‍ദേശ പ്രകാരം പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. എസിപി പ്രദീപിന്റെ നേതൃത്വത്തിലാണ് ബെംഗളൂരുവില്‍ എത്തി പ്രതിയെ പിടികൂടിയത്. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മയക്ക് മരുന്ന് മാഫിയ സംഘത്തിലെ അംഗമാണ് റാമി ഇസുല്‍ദിന്‍ ആദം അബ്ദുല്ലയെന്നാണ് പൊലീസ് കണ്ടെത്തല്‍.
ബെംഗളൂരുവിലെ ചെറിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ മയക്ക്മരുന്ന് സംഘത്തിന്റെ പ്രവര്‍ത്തനം. വ്യാവസായിക അടിസ്ഥാനത്തിലാണ് ഇവര്‍ മയക്ക്മരുന്നും രാസ ലഹരിയും കച്ചവടം നടത്തുന്നത്. ഇടനിലക്കാര്‍ വഴി വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മയക്ക് മരുന്ന് വില്‍ക്കുന്നത്. കേരളത്തിലേക്കുള്ള കച്ചവടത്തിന്റെ പ്രധാനിയാണ് റാമി ഇസുല്‍ദിന്‍ ആദം അബ്ദുല്ല. മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി മരുന്ന് എത്തിച്ചു നല്‍കിയിരുന്ന ഇടനിലക്കാരിയായ ആഗ്‌നസ് എന്ന യുവതിയെയും അടുത്തിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴും സുഡാന്‍കാരന്‍ റാമി ഇസുല്‍ദിന്‍ ആദം അബ്ദുല്ലയുടെ പേരാണ് മൊഴി നല്‍കിയിരുന്നത്.

Related Articles

Back to top button