കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫിന് ഒരുവര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. വോട്ടര്‍ പട്ടികയിലെ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ മര്‍ദിച്ച കേസിലാണ് ശിക്ഷ.കാസര്‍കോട് ജ്യൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
2015 നവംബര്‍ 25-ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഇലക്ഷന്‍ ഹിയറിങ് നടക്കുന്നതിനിടെ ഒരു വോട്ടറുടെ അപേക്ഷ മാറ്റിവെച്ചിരുന്നു. അന്നത്തെ കാസര്‍കോട് ഡെപ്യൂട്ടി തഹസില്‍ദാര്‍ ദാമോദരന്‍ അടക്കമുള്ള ഉദ്യോഗസ്ഥരാണ് ഇലക്ഷന്‍ ഡ്യൂട്ടിയുടെ ഭാഗമായി ഹിയറിങില്‍ ഏര്‍പ്പെട്ടിരുന്നത്. അപേക്ഷ മാറ്റിവെച്ചതിനെ ചൊല്ലി എകെഎം അഷ്റഫ് അടക്കമുള്ളവരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ഡെപ്യൂട്ടി തഹസില്‍ദാരെ കയ്യേറ്റം ചെയ്യുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും കസേരകള്‍ വലിച്ചെറിയുകയും ചെയ്തെന്നാണ് കേസ്
എംഎല്‍എയെ കൂടാതെ മറ്റ് മൂന്നുപേരെയും ശിക്ഷിച്ചിട്ടുണ്ട്. കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നതുള്‍പ്പടെ കേസിലുണ്ടായിരുന്നെങ്കിലും അത് കോടതി തള്ളി.