ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജരിവാള്‍ ഇന്ന് മധ്യപ്രദേശിലേക്ക് പോകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നുള്ള നോട്ടീസ് നിയമവിരുദ്ധമാണെന്ന് കാണിച്ച് കെജരിവാള്‍ ഇഡിക്ക് കത്തെഴുതി.
തനിക്ക് നല്‍കിയ സമന്‍സ് രാഷ്ട്രീയ പ്രേരിതമാണെന്നും, നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ഇലക്ഷന്‍ പ്രചാരണത്തില്‍ നിന്നും വിലക്കുക ലക്ഷ്യമിട്ടുള്ളതാണെന്നും കത്തില്‍ അരവിന്ദ് കെജരിവാള്‍ ആരോപിക്കുന്നു. നോട്ടീസ് ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിയുടെ താല്‍പ്പര്യം സംരക്ഷിക്കുക ലക്ഷ്യമിട്ടാണ് തനിക്ക് സമന്‍സ് നല്‍കിയതെന്നും കെജരിവാള്‍ കുറ്റപ്പെടുത്തി.
രാവിലെ 11 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി നോട്ടില്‍ കെജരിവാളിനോട് ആവശ്യപ്പെട്ടിരുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാതെ കെജരിവാള്‍ ഇന്ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ പ്രചാരണത്തിന് പോകുമെന്ന് ഐപി നേതാക്കള്‍ സൂചിപ്പിച്ചു. മധ്യപ്രദേശിലെ സിംഗ്രോലിയില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം കെജരിവാള്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കും.
മദ്യനയ കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് കെജരിവാളിനെ ഇഡി ചോദ്യംചെയ്യാന്‍ വിളിക്കുന്നത്. കേസില്‍ കഴിഞ്ഞ ഏപ്രിലില്‍ സിബിഐ കെജരിവാളിനെ ചോദ്യംചെയ്തിരുന്നു. മദ്യനയക്കേസില്‍ എഎപി നേതാക്കളായ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സഞ്ജയ് സിങ് എം പി എന്നിവര്‍ ജയിലിലാണ്. ചില മദ്യ വ്യാപാരികള്‍ക്ക് അനുകൂലമാകുന്ന തരത്തില്‍ ഡല്‍ഹിയുടെ പുതിയ മദ്യനയം രൂപീകരിച്ചു നടപ്പാക്കിയെന്നാണ് കേസ്. അഴിമതിക്കേസ് സിബിഐയും സാമ്പത്തിക ക്രമക്കേട് ഇഡിയുമാണ് അന്വേഷിക്കുന്നത്.