BREAKING NEWSWORLD

നാട്ടുകാര്‍ക്ക് പണം കൊടുക്കണം, ഇല്ലെങ്കില്‍ വധുവിനെ കാണിക്കില്ല; ചൈനയിലെ വിചിത്രമായ പരമ്പരാഗത വിവാഹാചാരം

വധുവിനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാനെത്തിയ വരന്റെ കാര്‍, നൂറുകണക്കിന് ഗ്രാമവാസികള്‍ തടഞ്ഞതോടെ പുറത്തുവന്നത് ചൈനയിലെ സവിശേഷമായ ഒരു വിവാഹ ആചാരം. ഒക്ടോബര്‍ 20 -ന് കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ തായ്ഷൂവിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. വധുവിനെ കൂട്ടിക്കൊണ്ട് പോകാന്‍ എത്തിയ വരന്റെ കാര്‍ നൂറു കണക്കിന് ഗ്രാമവാസികള്‍ ചേര്‍ന്ന് തടയുന്നതും തുടര്‍ന്ന് വരനോട് പണവും സിഗരറ്റും ആവശ്യപ്പെടുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്.
ചൈനയിലെ ഗ്രാമങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ഒരു പ്രാദേശികമായ വിവാഹ ചടങ്ങാണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രാദേശിക പാരമ്പര്യത്തിന്റെ ഭാഗമായാണ് ഈ ചടങ്ങ് ഇവര്‍ ഇപ്പോഴും നടത്തുന്നത്. വധുവിന്റെ ഗ്രാമത്തിലെ പ്രായമായ ആളുകളെ തൃപ്തിപ്പെടുത്തിയാല്‍ മാത്രമേ വരന് വിവാഹ ശേഷം വധുവിനെ കാണാനുള്ള അവസരം ലഭിക്കുകയൊള്ളൂ. ഇങ്ങനെ തൃപ്തിപ്പെടുത്തുന്നതിനായി ഗ്രാമവാസികളായ ആളുകള്‍ക്ക് വരന്‍ ചില സമ്മാനങ്ങള്‍ നല്‍കണം.
സാധാരണയായി ഇങ്ങനെ നല്‍കുന്ന സമ്മാനങ്ങളില്‍ പഞ്ചസാരയും സിഗരറ്റ് മുതല്‍ പണ സഞ്ചികള്‍ വരെ അടങ്ങിയിരിക്കും. ഗ്രാമവാസികളെ തൃപ്തിപ്പെടുത്താന്‍ വരന്‍ വൈകുംതോറും വധുവിനെ കാണാനും കാലതാമസം എടുക്കും. ചിലപ്പോള്‍ വധുവിനെ ഒരിക്കലും കാണാന്‍ അനുവദിച്ചില്ലെന്നും വരും. വരന്റെ വഴി തടയുന്ന ഈ സമ്പ്രദായം മാന്‍ഡാരിന്‍ ഭാഷയില്‍ ‘ലാന്‍ മെന്‍’ (blocking the door) എന്നാണ് അറിയപ്പെടുന്നത്. തന്റെ പ്രിയപ്പെട്ടവളെ വിവാഹം കഴിക്കാനുള്ള വരന്റെ നിശ്ചയദാര്‍ഢ്യം വിലയിരുത്തുക, സമ്മാനങ്ങള്‍ പങ്കിട്ടുകൊണ്ട് ദമ്പതികളെ അവരുടെ സന്തോഷം പ്രകടിപ്പിക്കാന്‍ അനുവദിക്കുക എന്നിവയൊക്കെയാണ് ഈ ചടങ്ങിന്റെ ഉദ്ദേശ്യം.
വരനോട് കടങ്കഥകള്‍ ചോദിക്കുക. കവിതകള്‍ ചൊല്ലുക അല്ലെങ്കില്‍ വരന്റെ ആലാപന-നൃത്ത വൈദഗ്ധ്യം പ്രകടിപ്പിക്കാന്‍ അവസരം നല്‍കുക തുടങ്ങിയ ചെറിയ തരത്തിലുള്ള റാഗിംഗുകളും ഈ ചടങ്ങിന്റെ ഭാഗമാണ്. വീഡിയോ വൈറലായതിന് പിന്നാലെ ഇത്തരം ആചാരങ്ങള്‍ ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞെന്ന് ചിലര്‍ സാമൂഹിക മാധ്യമങ്ങളിലെഴുതി. ഇത് ആചാരമല്ല, ശുദ്ധമായ കവര്‍ച്ചയാണ് എന്നായിരുന്നു ഒരാള്‍ എഴുതിയത്. എന്നാല്‍ നിരവധി പേര്‍ ഇത്തരം ആചാരങ്ങള്‍ ഇന്നും നിലനില്‍ക്കണമെന്നും ആവശ്യമുന്നയിച്ച് രംഗത്തെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Related Articles

Back to top button