ന്യൂഡല്‍ഹി: വിവാദ മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യാഴാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) മുന്നില്‍ ഹാജരാകും. ഔദ്യോഗികസ്ഥിരീകരണമില്ലെങ്കിലും കെജ്രിവാള്‍ ചോദ്യംചെയ്യലിനു പോയേക്കുമെന്നാണ് സൂചന. അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തേക്കുമെന്ന അഭ്യൂഹങ്ങളുള്ളതിനാല്‍ ആം ആദ്മിക്ക് ഇ.ഡി. നീക്കം നിര്‍ണായകമാണ്. അറസ്റ്റ് പ്രതീക്ഷിച്ചുതന്നെ പാര്‍ട്ടി അണിയറയില്‍ കരുനീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. വകുപ്പുകളുടെ ചുമതലയില്ലാത്തതിനാല്‍ മുഖ്യമന്ത്രിയുടെ അസാന്നിധ്യം ഭരണത്തെ പ്രത്യക്ഷത്തില്‍ ബാധിച്ചേക്കില്ല. സര്‍ക്കാരിലും പാര്‍ട്ടിയിലുമുള്ള ഏകോപനമാണ് പ്രശ്‌നം.
പാര്‍ട്ടിയുടെ നട്ടെല്ലായ കെജ്രിവാളിനോളം വളര്‍ന്ന നേതാക്കളാരും നിലവില്‍ ആം ആദ്മിയിലില്ല. രണ്ടാമനായിരുന്ന മനീഷ് സിസോദിയയും മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്ങും മദ്യനയക്കേസില്‍ ജയിലിലാണ്. ദേശീയപ്പാര്‍ട്ടിയായി വളര്‍ന്ന എ.എ.പി.ക്ക് പൊതുസ്വീകാര്യരായ നേതാക്കളെ കണ്ടെത്തലാണ് ഇപ്പോള്‍ വെല്ലുവിളി.
നേതാക്കളെയെല്ലാം ജയിലിലാക്കിയാല്‍ ഡല്‍ഹി സര്‍ക്കാരിനെയും പാര്‍ട്ടിയെയും ജയിലില്‍നിന്ന് ഭരിക്കുമെന്ന് എ.എ.പി. മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. തിരഞ്ഞെടുപ്പിലെ പരാജയഭീതിയില്‍ ‘ഇന്ത്യ’ പ്രതിപക്ഷ നേതാക്കളെ ബി.ജെ.പി. വേട്ടയാടുകയാണെന്ന് എ.എ.പി. ആരോപിച്ചു.
മദ്യനയ കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് കെജ്രിവാളിനെ ഇ.ഡി. ചോദ്യംചെയ്യാന്‍ വിളിക്കുന്നത്. ഇതേ കേസില്‍ കഴിഞ്ഞ ഏപ്രിലില്‍ സി.ബി.ഐ. അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു.
4,177 Less than a minute