ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ സിറ്റി തങ്ങളുടെ കരസേന പൂര്‍ണമായും വളഞ്ഞതായി അവകാശപ്പെട്ട് ഇസ്രായേല്‍ സൈന്യം. ഗാസ നഗരം വളയുന്നത് ഇസ്രായേല്‍ സൈനികര്‍ പൂര്‍ത്തിയാക്കിയതായി ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. ഒരു വെടിനിര്‍ത്തല്‍ എന്ന ആശയം നിലവില്‍ തങ്ങളുടെ മുന്നില്‍ ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇസ്രായേലിന് മറുപടിയുമായി ഹമാസിന്റെ സൈനിക വിഭാഗമായ എസെദീന്‍ അല്‍-ഖസാം ബ്രിഗേഡ്‌സ് രംഗത്തെത്തി. ഗാസ വളഞ്ഞാല്‍ ഇസ്രായേല്‍ കരസേന കറുത്ത പെട്ടികളിലായിരിക്കും മടങ്ങി പോകുക എന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി. യുദ്ധത്തില്‍ മാനുഷികമായ ഇടവേളകള്‍ വേണമെന്ന യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ അഭിപ്രായത്തിന് പിന്നാലെയാണ് ഇസ്രായേല്‍ സൈന്യത്തിന്റെ നടപടി എന്നതും ശ്രദ്ധേയമാണ്.
യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ മിഡില്‍ ഈസ്റ്റില്‍ നയതന്ത്ര പര്യടനത്തിലാണ്. ഗാസയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ദോഷം വരുത്തുന്നത് കുറയ്ക്കാന്‍ സ്വീകരിക്കേണ്ട ശക്തമായ നടപടികളെക്കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്യും എന്ന് ആന്റണി ബ്ലിങ്കണ്‍ പറഞ്ഞു. അതിനിടെ വടക്കന്‍ ഗാസയില്‍ പോരാട്ടം തുടരുന്നതിനിടെ പരിക്കേറ്റ നൂറുകണക്കിന് വിദേശികളും ഇരട്ട പൗരത്വമുള്ളവരും റഫ അതിര്‍ത്തി കടന്ന് ഈജിപ്തിലേക്ക് എത്തിയതായി ഈജിപ്ഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 21 പരിക്കേറ്റ പലസ്തീന്‍കാരും 72 കുട്ടികള്‍ ഉള്‍പ്പെടെ 344 വിദേശ പൗരന്മാരും ഇന്നലെ അതിര്‍ത്തി കടന്നതായാണ് വിവരം. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് പലസ്തീനികള്‍ കൊല്ലപ്പെട്ടു.