BREAKING NEWSKERALA

ലീഗ് യുഡിഎഫിന്റെ നട്ടെല്ല്, അവര്‍ മുന്നണി വിട്ടുപോകില്ല; കെ. സുധാകരന്‍

ലീഗ് മുന്നണി വിട്ടു പോകില്ലെന്നും തുടക്കം തൊട്ട് ഈ മുന്നണിയുടെ നട്ടെല്ലായി ഉണ്ടായിരുന്ന പാര്‍ട്ടിയാണ് ലീഗെന്നും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. മുന്നണിയുമായി ആലോചിക്കാതെ ലീഗ് ഒരു തീരുമാനം എടുക്കുമെന്ന് കരുതിയോ. ഓരോന്നിനെക്കുറിച്ചും ഓരോ പാര്‍ട്ടിക്കും ഓരോ കാഴ്ചപ്പാട് ഉണ്ടാകും. ആ കാഴ്ചപ്പാടിനെ കുറിച്ച് അവര്‍ പ്രതികരിച്ചെന്നുമിരിക്കും. അതെല്ലാം രാഷ്ട്രീയ തീരുമാനമായി വരാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലീഗിനെ സിപിഐഎം തുടരെ തുടരെ ക്ഷണിക്കുന്നത് ഇടതു മുന്നണി ദുര്‍ബലം ആയത് കൊണ്ടാണെന്ന് കോണ്‍?ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ലീഗ് ഒരു പ്രബല ശക്തി ആണെന്ന് സിപിഐഎമ്മിന് മനസിലായി. അതാണ് ഇപ്പോഴത്തെ ക്ഷണത്തിന് പിന്നില്‍. യുഡിഎഫ് ഒറ്റക്കെട്ടാണ്. ഒരു ശക്തി വിചാരിച്ചാലും ലീഗിനെ മുന്നണിയില്‍ നിന്ന് അടര്‍ത്താന്‍ സാധിക്കില്ല. ആ വെള്ളം വാങ്ങി വെച്ചാല്‍ മതിയെന്നും ഈ സര്‍ക്കാരിനെ ഒരാള്‍ക്കും പിന്തുണയ്ക്കാന്‍ കഴിയില്ല എന്നും അദ്ദേഹം പരിഹസിച്ചു.
സിപിഐഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ക്ഷണിച്ചതിന് നന്ദി പറഞ്ഞ് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി രം?ഗത്തെത്തിയിരുന്നു. ക്ഷണത്തിന് നന്ദിയുണ്ടെന്നും സാങ്കേതികമായി റാലിയില്‍ പങ്കെടുക്കാനാകില്ലെന്നുമാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. പലസ്തീന്‍ വിഷയത്തില്‍ മുസ്ലിം ലീഗിന് കൃത്യമായ നിലപാടുണ്ടെന്നും വിളിച്ച എല്ലാ കല്യാണത്തിനും പോകാന്‍ കഴിയില്ലല്ലോ എന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണം. മുസ്ലിം ലീഗ് മുന്നണി മര്യാദ പാലിക്കുന്ന പാര്‍ട്ടിയാണ്. സിപിഐഎം ക്ഷണിച്ച റാലിയില്‍ പങ്കെടുക്കാത്തത് യുഡിഎഫ് മുന്നണിയുടെ ഭാഗമായതിനാലാണ്. സിപിഐഎം റാലി വിജയമാകട്ടെ. ആര് പങ്കെടുത്താലും നല്ലതാണ്. ലീഗ് പങ്കെടുക്കില്ല എന്നത് ഔദ്യോഗിക തീരുമാനമാണ്. ഒരു റാലി നടത്തി മിണ്ടാതിരിക്കുന്ന സംഘടനയല്ല ലീഗെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
പലസ്തീന്‍ വിഷയത്തില്‍ സിപിഐഎം സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ പരിപാടിയില്‍ മുസ്ലിം ലീഗ് പങ്കെടുക്കില്ലെന്ന് നേതാക്കള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നേതാക്കളുടെ പ്രതികരണങ്ങള്‍ വന്നതോടെ ലീഗ് പങ്കെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഐഎം. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം, ഇ ടി മുഹമ്മദ് ബഷീര്‍ എംപി അടക്കമുള്ള നേതാക്കള്‍, റാലിയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ലെങ്കിലും അനുകൂല സൂചന പ്രതികരണങ്ങളില്‍ പ്രകടമായിരുന്നു.
സിപിഐഎം ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്നായിരുന്നു ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. ഇതിനു പിന്നാലെയാണ് ലീഗിനെ സിപിഐഎം ഔദ്യോഗികമായി ക്ഷണിച്ചത്. ലീഗ് നീക്കത്തിലുള്ള പ്രതിഷേധം കോണ്‍ഗ്രസ് നേതാക്കളും ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. പോകില്ലെന്ന് ഉറപ്പായതോടെ ലീഗിനെ തഴുകിയും സിപിഐഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തി. തലയ്ക്ക് ബോധമില്ലാത്തവരാണ് യുഡിഎഫിന്റെ ഭാഗമായ ലീഗിനെ ക്ഷണിച്ചതെന്നായിരുന്നു സുധാകരന്റെ പ്രതികരണം.

Related Articles

Back to top button