BREAKING NEWSNATIONAL

ബന്ദിപ്പുരില്‍ വേട്ടസംഘാംഗത്തെ വനപാലകര്‍ വെടിവെച്ചുകൊന്നു

ബെംഗളൂരു: ബന്ദിപ്പുര്‍ കടുവസങ്കേതത്തില്‍ മാന്‍വേട്ടക്കാരെന്ന് സംശയിക്കുന്ന സംഘത്തിനുനേരെ വനംവകുപ്പ് ജീവനക്കാര്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഭീമനബിഡു സ്വദേശി മനു(27)വാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ കടുവസങ്കേതത്തിലെ മദ്ദൂര്‍ റേഞ്ചിലാണ് സംഭവം.
പത്തോളംവരുന്ന സംഘത്തിനുനേരെയാണ് വനംവകുപ്പ് ജീവനക്കാര്‍ വെടിയുതിര്‍ത്തത്. അര്‍ധരാത്രിയില്‍ വനത്തില്‍നിന്ന് വെടിയൊച്ച കേട്ടതിനെത്തുടര്‍ന്ന് വനപാലകരും വേട്ടവിരുദ്ധ ക്യാമ്പ് ജീവനക്കാരും പരിശോധന നടത്തുന്നതിനിടെ വേട്ടക്കാര്‍ വെടിയുതിര്‍ത്തപ്പോള്‍ വനപാലകര്‍ തിരിച്ചുനടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് ബന്ദിപ്പുര്‍ കടുവസങ്കേതം ഡയറക്ടര്‍ രമേഷ് കുമാര്‍ പറഞ്ഞു. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഹൊംഗള്ളിയിലും സമീപഗ്രാമങ്ങളിലും നിന്നുള്ളവരാണ് സംഘമെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥലത്തുനിന്ന് തോക്കും മാനിന്റെ ശരീരഭാഗങ്ങളും കണ്ടെത്തി. സംഘത്തിലെ ബാക്കിയുള്ളവരെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Articles

Back to top button