കൊച്ചി: ആരാധനാലയങ്ങളില്‍ അസമയത്തെ വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. ചൊവ്വാഴ്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കും.
വെടിക്കെട്ട് നിരോധിച്ചുള്ള കോടതി ഉത്തരവിലെ പ്രായോഗികമായ പിശകുകളാണ് അപ്പീലില്‍ സര്‍ക്കാര്‍ പ്രധാനമായും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ക്ഷേത്രങ്ങളിലെ വെടിക്കെടുകള്‍ക്ക് സുപ്രീംകോടതിയടക്കം നേരത്തെ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. തൃശൂര്‍ പൂരത്തിലടക്കം പല ദേവസ്വങ്ങളും ആ ഇളവുകള്‍വെച്ച് വെടിക്കെട്ട് നടത്തുന്നുണ്ട്. അതുകൊണ്ട് അസമയത്തെ വെടിക്കെട്ട് നിരോധനം അപ്രായോഗികമാണെന്നതാണ് സര്‍ക്കാര്‍ നിലപാട്. വെടിക്കെട്ട് നിരോധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് അടിയന്തമായി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
വെടിക്കെട്ട് നിരോധിച്ചതിനൊപ്പം ആരാധനാലയങ്ങളില്‍ പരിശോധന നടത്താനുള്ള നിര്‍ദേശവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. ആരാധനാലയങ്ങളില്‍ ഡെപ്യൂട്ടി കളക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ച വെടിമരുന്നുകള്‍ പിടിച്ചെടുക്കണമെന്നായിരുന്നു നിര്‍ദേശം. അടുത്ത 24-ന് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ അടിയന്തരമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
1,075 Less than a minute