BREAKING NEWSKERALALATEST

പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്: മുന്‍ കെ.പി.സി.സി. ജനറല്‍സെക്രട്ടറി കെ.കെ എബ്രഹാം അറസ്റ്റില്‍

കല്‍പ്പറ്റ: പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ കെ.പി.സി.സി. ജനറല്‍സെക്രട്ടറിയും ബാങ്ക് മുന്‍ പ്രസിഡന്റുമായ കെ.കെ. എബ്രഹാമിനെ ഇ.ഡി. അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു എബ്രഹാമിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എടുത്തത്.
കഴിഞ്ഞ ദിവസം ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എബ്രഹാമിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇന്ന് ഇ.ഡി ഓഫിസില്‍ തിരികെ എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവും ഇടനിലക്കാരനുമായ സജീവന്‍ കൊല്ലപ്പള്ളിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എബ്രഹാമിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്.
പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പത്തട്ടിപ്പിനിരയായ കര്‍ഷകന്‍ ആത്മഹത്യചെയ്തതിന് പിന്നാലെയാണ് തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവരുന്നത്. പുല്‍പ്പള്ളി സഹകരണ ബാങ്കിലെ തട്ടിപ്പ് നടക്കുന്ന ഘട്ടത്തില്‍ പ്രസിഡന്റായിരുന്നു അബ്രഹാം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കായിരുന്നു ബാങ്കിന്റെ നിയന്ത്രണം.
മരിച്ച രാജേന്ദ്രന്റെ പേരില്‍ രണ്ട് വായ്പകളുണ്ട്. കുടിശ്ശികയടക്കം 46.58 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്നായിരുന്നു ബാങ്ക് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍, സ്ഥലം പണയപ്പെടുത്തി 70,000 രൂപയാണ് രാജേന്ദ്രന്‍ വായ്പയെടുത്തിരുന്നത്. ബാങ്ക് മുന്‍ പ്രസിഡന്റ് കെ.കെ.അബ്രഹാമിന്റെ നേതൃത്വത്തില്‍ രാജേന്ദ്രന്റെ പേരില്‍ വന്‍തുക കൈപ്പറ്റിയെന്നായിരുന്നു ആരോപണം. അന്വേഷണത്തില്‍ ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Related Articles

Back to top button