ഇരിട്ടി: വയനാട് പേര്യയില്‍ മാവോവാദികളും പോലീസും തമ്മിലുണ്ടായ വെടിവെപ്പിനും അറസ്റ്റിനും പിന്നാലെ കണ്ണൂരിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ പോലീസ് സുരക്ഷ ശക്തമാക്കി. ജില്ലയിലെ മാവോവാദിസാന്നിധ്യം കൂടുതലുള്ള ആറളം, കരിക്കോട്ടക്കരി, കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സുരക്ഷ ശക്തമാക്കിയത്.
മാവോവാദിസംഘത്തിലെ രണ്ടുപേര്‍ പോലീസ് പിടിയിലായതോടെ മറ്റു രണ്ടുപേര്‍ ആറളം വനമേഖലയിലേക്ക് രക്ഷപ്പെടാനുള്ള സാഹചര്യം കണക്കിലെടുത്താണ് നിരീക്ഷണം ശക്തമാക്കിയത്. പേര്യയിലെ ചപ്പാരം കോളനിയില്‍ അനീഷിന്റെ വീട്ടില്‍വെച്ചാണ് പോലീസ്-മാവോവാദി ഏറ്റുമുട്ടലുണ്ടായത്.
ബാണാസുര ഗ്രൂപ്പില്‍പ്പെട്ട ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ ലതയും സുന്ദരിയുമാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മേഖലയില്‍ പ്രത്യേക നിരീക്ഷണം നടത്തുന്നതായി ഇരിട്ടി എ.എസ്.പി. തപോഷ് ബസുമതാരി പറഞ്ഞു.
വയനാട്ടില്‍നിന്ന് രക്ഷപ്പെട്ട ബാണാസുര ഗ്രൂപ്പില്‍പ്പെട്ട മാവോവാദി സംഘത്തിലെ രണ്ട് സ്ത്രീകള്‍ സി.പി.മൊയ്തീന്റെ നേതൃത്വത്തിലുള്ള കബനീദളത്തിന്റെ ഭാഗമാകാനുള്ള സാധ്യതയാണ് പോലീസും രഹസ്യാന്വേഷണവിഭാഗവും സംശയിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വനാതിര്‍ത്തി ഗ്രാമങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയത്.
മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ജിഷ, രമേശ്, സന്തോഷ്, സോമന്‍, കവിത, വിക്രംഗൗഡ, മനോജ്, സുരേഷ് എന്നിവരെ നേരത്തേ തിരിച്ചറിഞ്ഞിരുന്നു. ആറളം വനത്തില്‍ വനപാലകര്‍ക്കുനേരേ കഴിഞ്ഞദിവസം മാവോവാദികള്‍ വെടിവെപ്പ് നടത്തിയിരുന്നു. ഇതിനു പിന്നാലെ കര്‍ണാടക, തമിഴ്നാട് ആന്റി നക്‌സല്‍ഫോഴ്‌സ് അതിര്‍ത്തി വനമേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.
ഹെലികോപ്റ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ഉന്നത പോലീസ് സംഘം വനമേഖലകളില്‍ കഴിഞ്ഞദിവസങ്ങളില്‍ പരിശോധന നടത്തി.
1,039 1 minute read