ന്യൂഡല്‍ഹി: വായുമലിനീകരണത്തിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ ഒറ്റ, ഇരട്ട നമ്പര്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ ചോദ്യംചെയ്ത് സുപ്രീകോടതി. അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടനുസരിച്ച് ഒറ്റ, ഇരട്ട നിയമം മലിനീകരണം നിയന്ത്രിക്കാന്‍ സഹായിക്കില്ലെന്നും ചെറിയൊരു മാറ്റം മാത്രമേ സാധ്യമാകൂവെന്നും ഡല്‍ഹിയിലെ മലിനീകരണം സംബന്ധിച്ച വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
വൈക്കോല്‍ കത്തിക്കുന്നത് നിര്‍ത്തിവെക്കണമെന്നും സുപ്രീകോടതി നിര്‍ദേശിച്ചു. ‘ഞങ്ങള്‍ മുന്നോട്ടുവെച്ച നിര്‍ദേശം, നിങ്ങള്‍ക്കു വേണ്ടരീതിയില്‍ നടപ്പിലാക്കാം. പക്ഷേ, വൈക്കോല്‍ കത്തിക്കുന്നത് നിര്‍ബന്ധമായും നിര്‍ത്തിവെക്കണം. ഇതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഒന്നും ചെയ്യാതെ ഒടുവില്‍ കോടതിയുടെ ചുമലില്‍ ചാരരുത്’, സുപ്രീകോടതി വ്യക്തമാക്കി.
‘വൈക്കോല്‍ കത്തിക്കുന്നത് നിര്‍ത്തലാക്കണം. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടണം. ഇത് എങ്ങനെ നേടിയെടുക്കാമെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്’, സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ‘അതേസമയം, കര്‍ഷകരും സമൂഹത്തിന്റെ ഭാഗമാണ്. അവര്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരായിരിക്കണം. അവരുടെ ആവശ്യം നിറവേറ്റാന്‍ നമ്മളും കൂടുതല്‍ ശ്രദ്ധിക്കണം. പക്ഷേ, ആളുകളുടെ മരണത്തിനിടയാക്കരുത്’, കോടതി പറഞ്ഞു.
പഞ്ചാബിലൊക്കെ കര്‍ഷകര്‍ സംഘടിതരാണ്. എന്നിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഈക്കാര്യം അവരുടെ സംഘടനകള്‍ക്കുമുന്നില്‍ അവതരിപ്പിക്കാത്തതെന്നും കോടതി ചോദിച്ചു. ഡല്‍ഹിയിലെ മലിനീകരണത്തോത് നിര്‍ബന്ധമായും കുറയ്ക്കണം. അത് നാളേക്ക് മാറ്റിവെയ്ക്കാനാവില്ല. ആളുകളുടെ പ്രാര്‍ഥന ദൈവം കേട്ടതുകൊണ്ടാവും മഴ പെയ്തതെന്നും അതിന് സര്‍ക്കാറിനോട് നന്ദി പറയേണ്ടെന്നും കോടതി പറഞ്ഞു. നവംബര്‍ 21-ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
1,135 1 minute read