BREAKING NEWSWORLD

സ്വകാര്യദ്വീപില്‍ ആഡംബരജീവിതം നയിക്കാന്‍ ദമ്പതികളെ ക്ഷണിക്കുന്നു; കിട്ടുക 1.5 കോടി

ആഡംബര യാത്രകള്‍ നടത്തണമെന്നും ഒരു ദിവസമെങ്കിലും ആഡംബര ജീവിതം നയിക്കണം എന്നുമൊക്കെ ആഗ്രഹിക്കാത്തവര്‍ ചുരുക്കം ആയിരിക്കും. പലപ്പോഴും ഇത്തരം ആഗ്രഹങ്ങളില്‍ നിന്നെല്ലാം പിന്നോട്ട് വലിക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകളാണ്. എന്നാല്‍, ഒരു സ്വകാര്യ ദ്വീപില്‍ ആഡംബര ജീവിതം നയിക്കാന്‍ ദമ്പതികളെ തേടുകയാണ് ഒരു പ്രൈവറ്റ് കമ്പനി. കമ്പനിയുടെ യോഗ്യതകള്‍ക്ക് അനുയോജ്യരായ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്ക് ശമ്പളമായി ലഭിക്കുക 185,000 ഡോളറാണ് അതായത്, 1 .5 കോടി ഇന്ത്യന്‍ രൂപ.
ശതകോടീശ്വരന്‍മാരുടെ ഉടമസ്ഥതയിലുള്ള റിക്രൂട്ട്മെന്റ് ഏജന്‍സിയായ ഫെയര്‍ഫാക്‌സ്, കെന്‍സിംഗ്ടണും ആണ് ആഡംബര സ്വകാര്യ ദ്വീപില്‍ താമസിക്കാന്‍ ദമ്പതികളെ തേടിക്കൊണ്ടുള്ള പരസ്യം പുറത്തുവിട്ടത്. ആകര്‍ഷകമായ ശമ്പളത്തോടൊപ്പം വര്‍ഷത്തില്‍ 25 ദിവസം ലീവ് എടുത്ത് വീട്ടില്‍ പോകാനുള്ള അവസരവും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. നിര്‍മ്മാണം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്ന ഈ ദ്വീപിനെ ആഡംബരപൂര്‍ണമായ പറുദീസയാക്കി മാറ്റി മറ്റുള്ളവര്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കുകയാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ തിരഞ്ഞെടുക്കപ്പെടുന്ന ദമ്പതികള്‍ സോഷ്യല്‍ മീഡിയ സ്വാധീനമുള്ളവര്‍ ആയിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. തങ്ങളുടെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെ ദ്വീപിനെ മറ്റുള്ളവരിലേക്ക് എത്തിക്കുകയാണ് ദമ്പതികള്‍ ചെയ്യേണ്ട ജോലി.
ഈ ദ്വീപ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്നും ജോലിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. എന്നാല്‍, ഉദ്യോഗാര്‍ത്ഥികള്‍ പാലിക്കേണ്ട ചില മാനദണ്ഡങ്ങളെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഒന്നാമതായി, തിരഞ്ഞെടുത്ത ദമ്പതികള്‍ക്ക് ശക്തമായ സോഷ്യല്‍ മീഡിയാ സാന്നിധ്യം ഉണ്ടായിരിക്കണം കൂടാതെ ആഡംബര വ്യവസായത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. ആഴ്ചയില്‍ ആറു ദിവസവും ജോലി ചെയ്യണം. വര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്ക് മടങ്ങാന്‍ അനുവാദവും 25 ദിവസത്തെ അവധിയും ലഭിക്കും. രസകരമായ ഒരു ട്വിസ്റ്റ്, അപേക്ഷകര്‍ അവരുടെ അപേക്ഷയ്ക്കൊപ്പം ഒരു ടിക് ടോക്ക് വീഡിയോയും സമര്‍പ്പിക്കേണ്ടതുണ്ട്.

Related Articles

Back to top button