BREAKING NEWSKERALALATEST

സംസ്ഥാന പോലീസില്‍ വന്‍ അഴിച്ചുപണി; ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റവും അധികച്ചുമതലയും

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയുടെ തലപ്പത്ത് വന്‍ അഴിച്ചുപണി. നിരവധി ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റവും അധിക ചുമതലയും നല്‍കിക്കൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ച പുറത്തുവന്നു.
വി.ഐ.പി സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ജി. ജയ്ദേവിന് സ്‌പെഷ്യല്‍ ആംഡ് പൊലീസ് ബറ്റാലിയന്റെ അധിക ചുമതല നല്‍കി. കൊല്ലം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന മെറിന്‍ ജോസഫിനെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ടായി നിയമിച്ചു. പകരം, എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറാണ് കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍. പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലായിരുന്ന കിരണ്‍ നാരായണനാണ് തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവി.
അസിസ്റ്റന്റ് ഐ.ജി നവനീത് ശര്‍മയാണ് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി. മലപ്പുറം എസ്.പി സുജിത്ത് ദാസിനെ സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് പൊലീസ് സൂപ്രണ്ടായി മാറ്റിനിയമിച്ചു. കൊച്ചി സിറ്റി ഡി.സി.പി എസ് ശശിധരനെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. ഇടുക്കി പൊലീസ് മേധാവി വി.യു കുര്യാക്കോസിന് പൊലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പലായി നിയമനം നല്‍കി.
കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി സുനില്‍ എം.എല്ലിനെ തിരുവനന്തപുരം റെയ്ഞ്ച് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസ് സൂപ്രണ്ടായി മാറ്റി നിയമിച്ചു. കാസര്‍കോട് എസ്.പി വൈഭവ് സക്‌സേന എറണാകുളം റൂറല്‍ എസ്.പിയാകും. തിരുവനന്തപുരം റൂറല്‍ എസ്.പി ഡി.ശില്‍പയാകും കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി. തിരുവനന്തപുരം റെയ്ഞ്ച് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് പി. ബിജോയിയെ കാസര്‍കോട് എസ്.പിയായി മാറ്റി നിയമിച്ചു.
ക്രൈംബ്രാഞ്ച് എറണാകുളം പൊലീസ് സൂപ്രണ്ട് കെ.എം.സാബു മാത്യു കൊല്ലം റൂറല്‍ പൊലീസ് മേധാവിയാകും. എറണാകുളം വിജിലന്‍സ് ആന്‍ഡ് കറപ്ഷന്‍ ബ്യൂറോ സ്‌പെഷ്യല്‍ സെല്‍ പൊലീസ് സൂപ്രണ്ട് കെ.എസ് സുദര്‍ശനന് കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണറായിട്ടാണ് നിയമനം. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെയെ ഐ.ആര്‍.ബി കമന്‍ഡാന്റ് ആയി മാറ്റിനിയമിച്ചു.
കോഴിക്കോട് സിറ്റി ഡി.സി.പി കെ.ഇ.ബൈജുവിന് റാപ്പിഡ് റെസ്‌പോണ്‍സ് ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സസ് ബറ്റാലിയന്‍ കമാന്‍ഡന്റായി നിയമനം നല്‍കി. കെ.എ.പി നാലാം ബറ്റാലിയന്‍ കമാന്റന്റ് വിഷ്ണു പ്രദീപ് ടി.കെയെ ഇടുക്കി ജില്ലാ പൊലീസ് മേധാവിയാക്കി മാറ്റി നിയമിച്ചു. റാപിഡ് റെസ്‌പോണ്‍സ് ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ് ബറ്റാലിയന്‍ കമന്‍ഡാന്റ് അനൂജ് പലിവാളിനെ കോഴിക്കോട് സിറ്റി ഡി.സി.പിയായും നിയമിച്ചു.

Related Articles

Back to top button