LATESTNATIONAL

ഇന്ന് ശിശുദിനം; ചാച്ചജിയുടെ ജന്മ ദിനമാഘോഷിച്ച് രാജ്യം

ഇന്ന് ശിശുദിനം. കുട്ടികൾ ഏറെ ഇഷ്ടപ്പെട്ട, കുട്ടികളെ ഏറെ ഇഷ്ടപ്പെട്ട ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് നവംബർ 14ന് നാം ശിശുദിനമായി ആചരിക്കുന്നത്.

1889 നവംബർ 14-നാണ് അലഹബാദില്‍ അദ്ദേഹം ജനിച്ചത്. ചാച്ചാജി എന്ന് കുട്ടികള്‍ വിളിക്കുന്ന അദ്ദേഹത്തിന്‍റെ ഓര്‍മയ്‌ക്കായാണ് എല്ലാ വര്‍ഷവും ശിശുദിനം ആഘോഷിക്കുന്നത്.

സ്വാതന്ത്ര്യ സമരസേനാനി, എഴുത്തുകാരന്‍, വാഗ്മി , രാഷ്‌ട്രതന്ത്രജ്ഞൻ, എന്നിങ്ങനെ വിവിധ തലങ്ങളില്‍ പ്രശസ്തനായ നെഹ്‌റു ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ ‍നിർണായക പങ്കുവഹിച്ച ആളായാണ് വിലയിരുത്തപ്പെടുന്നത്.

1964- ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ മരണത്തിന് ശേഷമാണ് പാര്‍ലമെന്റ് അദ്ദേഹത്തിന്റെ ജന്മദിന ദിവസമായ നവംബര്‍ 14 ശിശുദിനമായി പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയത്. ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ മരണത്തിന് മുമ്പ്, നവംബര്‍ 20 – ന് ആയിരുന്നു ഇന്ത്യ ശിശുദിനം ആചരിച്ചിരുന്നത്.

ശിശുദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം കുട്ടികളുടെ പരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കും. ചാച്ചാജിയുടെ വേഷമണിഞ്ഞുള്ള കുരുന്നുകളുടെ കലാപരിപാടികളും കുട്ടികളുടെ റാലികളും ടാബ്ലോ പ്രദർശനങ്ങളും അരങ്ങേറും. പൂക്കളെ സ്നേഹിച്ചിരുന്ന ചാച്ചാജിയുടെ ഓര്‍മയ്‌ക്കായി കുരുന്നുകള്‍ ശിശുദിനത്തില്‍ റോസാപ്പൂ പരസ്പരം കൈമാറാറുണ്ട്.

Related Articles

Back to top button