ഗുരുവായൂരിന്റെ ചിരകാല സ്വപ്നം പൂവണിയുന്നു. ഗുരുവായൂർ റെയിൽവെ മേൽപാലം ചൊവ്വാഴ്ച വൈകീട്ട് 7 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ഗുരുവായൂർ നഗരസഭ ടൗൺ ഹാളിന് പുറത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ഓൺലൈനായി മുഖ്യമന്ത്രി മേൽപാലത്തിന്റെ ഉദ്ഘാടനം ഔപചാരികമായി നിർവ്വഹിക്കും. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.രാജൻ,ആർ ബിന്ദു, വി.അബ്ദുറഹ്മാൻ, ടി.എൻ പ്രതാപൻ എം.പി, ഗുരുവായൂർ എം.എൽ എ എൻ.കെ അക്ബർ, ജില്ലയിലെ മറ്റു എം.എൽ.എമാർ , തദ്ദേശ വകുപ്പ് ജന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
കിഫ്ബി പദ്ധതിയിൽ സംസ്ഥാനത്ത് നിർമ്മിക്കുന്ന പത്ത് മേൽപ്പാലങ്ങളിൽ ആദ്യം നിർമ്മാണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നു കൊടുക്കുന്ന മേൽപാലമെന്ന ഖ്യാതി ഇനി ഗുരുവായൂരിന് സ്വന്തം . 2021 ജനുവരിയിൽ 23 നാണ് മുഖ്യമന്ത്രി നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചത്. തുടർന്ന് നിർമ്മാണം തുടങ്ങുന്നതിനു മുന്നോടിയായുള്ള സ്ഥലം ഒരുക്കൽ തുടങ്ങുകയും ഗേറ്റ് വഴിയുളള ഗതാഗതം നിർത്തലാക്കി നിർമ്മാണം ദ്രുതഗതിയിൽ നടക്കുകയും ചെയ്തു. .ഗർഡർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചെറിയ കാലതാമസം വന്നുവെങ്കിലും എം.എൽ.എ എൻ കെ അക്ബറിന്റെ കൃത്യമായ ഇടപെടലുകളും ഓരോ മാസവുമുള്ള അവലോകനവും പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനും വലിയ പങ്കാണ് വഹിച്ചത്. ലക്ഷകണക്കിന് തീർത്ഥാടകർ വന്നെത്തുന്ന ശബരിമല സീസൺ ആരംഭിക്കുന്നതിനു മുൻപ് മേൽപ്പാലം എന്നത് യാഥാർത്ഥ്യമായി. തിങ്കളാഴ്ച പൊതുജനങ്ങൾക്ക് പാലത്തിലൂടെ നടന്ന് കാണാനുള്ള അവസരം ജനങ്ങൾ ആവേശത്തോടെയാണ് സ്വീകരിച്ചത്.
നിരവധി പേരാണ് പുതിയ പാലത്തിലൂടെ നടക്കാനും സെൽഫി എടുക്കാനും എത്തിയത്. ഉദ്ഘാടനത്തിനു ശേഷം പൊതുഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ബസ്സിൽ പാലത്തിലൂടെ ആദ്യ യാത്ര നടത്തും. ബസ്സിൽ പൊതു ജനങ്ങൾക്ക് സഞ്ചരിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. നിർമ്മാണ തൊഴിലാളികളെ എം.എൽ.എ യുടെ നേതൃത്വത്തിൽ അനുമോദിക്കുകയും സ്നേഹവിരുന്ന് നൽകുകയും ചെയ്തു.