പാലക്കാട് : സംസ്ഥാന സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ പ്രചരിപ്പിക്കാനുള്ള നവകേരള സദസ്സിന്റെ മാതൃകയില്‍ കേന്ദ്രം നടത്തുന്ന വികസിത് ഭാരത് സങ്കല്‍പ് യാത്രയോടു സഹകരിക്കരുതെന്നു ജില്ലാ ഭരണകൂടങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി. മന്ത്രിമാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൂര്‍ണമായി വിട്ടുനില്‍ക്കുന്നതിനാല്‍ അട്ടപ്പാടിയില്‍ ഇന്നു നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തിനു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കണമെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരനും പങ്കെടുക്കും.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ക്കു സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറിയും ജില്ലാതലത്തില്‍ കലക്ടറുമാണു നോഡല്‍ ഓഫിസറുടെ ചുമതലകള്‍ വഹിക്കാറുള്ളത്. ചില ജില്ലകളില്‍ സംസ്ഥാനതല ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രാഥമിക യോഗം നടത്തിയെങ്കിലും ഒട്ടും സഹകരിക്കരുതെന്നു പിന്നീടു സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നു തന്നെ നിര്‍ദേശം ലഭിച്ചതായാണു വിവരം. ഇതോടെ സംസ്ഥാനതല ചുമതല ബാങ്കേഴ്‌സ് സമിതി അധ്യക്ഷന്മാര്‍ക്കു നല്‍കി. പദ്ധതി സംബന്ധിച്ചു വാര്‍ത്തകള്‍ നല്‍കില്ലെന്നു പബ്ലിക് റിലേഷന്‍സ് വകുപ്പും അറിയിച്ചിട്ടുണ്ട്.
പ്രാക്തന ഗോത്ര വിഭാഗക്കാര്‍ക്കുള്ള 24,000 കോടി രൂപയുടെ പദ്ധതി ഇന്നു ജാര്‍ഖണ്ഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നത് അട്ടപ്പാടിയിലെ ചടങ്ങില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കേരളത്തിലെ ഗോത്രവിഭാഗക്കാര്‍ക്കും വന്‍നേട്ടമുണ്ടാക്കുന്ന പദ്ധതിയാണെങ്കിലും കേരളം നിലപാടു വ്യക്തമാക്കിയിട്ടില്ല. പദ്ധതിയുമായി ബന്ധപ്പെട്ടു കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥര്‍ പലതവണ യോഗങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇന്നു സംസ്ഥാനത്തെ പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര സര്‍ക്കാരിന്റെ 9 വര്‍ഷത്തെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാനാണു വികസിത് സങ്കല്‍പ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനായി ‘പ്രഭാരി ഓഫിസര്‍’ എന്ന പേരില്‍ ജോയിന്റ് സെക്രട്ടറി, ഡയറക്ടര്‍, ഡപ്യൂട്ടി സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനെതിരെ കോണ്‍ഗ്രസും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
1,008 1 minute read