ഭൂമിയില്‍ അത്യന്തം അപകടകാരികളായ ചില ജീവികള്‍ ഉണ്ട്, ഇവ സൃഷ്ടിക്കുന്ന അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള പോംവഴികള്‍ കാലാകാലങ്ങളിലായി മനുഷ്യര്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇന്നും മറുമരുന്നില്ലാതെ മനുഷ്യനെ ഭയപ്പെടുത്തുന്ന നിരവധി ജീവജാലങ്ങള്‍ ഈ ഭൂമുഖത്ത് ഉണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഓസ്ട്രേലിയയില്‍ മാത്രം കാണപ്പെടുന്ന ഒരു വിഷ പാമ്പായ സ്റ്റീഫന്‍സ് ബാന്‍ഡഡ് സ്‌നേക്ക് ( Stephen’s banded snake). ഈ പാമ്പിന്റെ വിഷത്തിന് ഇതുവരെയും ഒരു മറുമരുന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മരങ്ങളില്‍ ജീവിക്കുന്ന ഉഗ്രവിഷമുള്ള പാമ്പായി തിരിച്ചറിയപ്പെട്ട സ്റ്റീഫന്‍സ് ബാന്‍ഡഡ് പാമ്പിന്റെ വിഷത്തിന് ഫലപ്രദമായ ഒരു മറുമരുന്ന് ഇല്ലാത്തതിനാല്‍ തന്നെ ഓസ്‌ട്രേലിയന്‍ ജനതയ്ക്ക് ഇന്നും ഒരു പേടിസ്വപ്നമാണ് ഈ പാമ്പുകള്‍. ഇതിന്റെ വിഷത്തിന്റെ ആഘാതം കഠിനമായതിനാല്‍ പാമ്പുകടിയേറ്റാല്‍ കനത്ത രക്തസ്രാവത്തിന് കാരണമാവുകയും ജീവന്‍ അപകടപ്പെടുത്തുന്ന അവസ്ഥയിലേക്ക് ക്രമേണ എത്തുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. പഴയ മുറിവുകള്‍ വീണ്ടും തുറക്കാനും തലച്ചോറിനുള്ളില്‍ നിന്നും അതുപോലെ കണ്ണുകള്‍, മൂക്ക്, വായ എന്നിവയില്‍ നിന്നും രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
ഈ പാമ്പിന്റെ വിഷത്തിന് അപകടകരമായ സ്വഭാവം ഉണ്ടായിരുന്നിട്ടും, പ്രത്യേക മറുമരുന്നുകളൊന്നും ഇതുവരെയും വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പകരം, ടൈഗര്‍ പാമ്പ് ആന്റിവെനം എന്നറിയപ്പെടുന്ന മറ്റൊരു പാമ്പ് വിഷമാണ് മറുമരുന്നായി ഉപയോഗിക്കുന്നത്. സ്റ്റീഫന്‍സ് ബാന്‍ഡഡ് പാമ്പുകള്‍ക്ക് സാധാരണയായി 1.2 മീറ്റര്‍ (120 സെന്റീമീറ്റര്‍) വരെ നീളം ഉണ്ടാവാറുണ്ട്. ഉഗ്രവിഷമുള്ള പാമ്പുകളും അപകടകാരികളുമാണ് ഇവയെങ്കിലും ഇവയുടെ കടിയേറ്റ സംഭവങ്ങളും മരണം സംഭവിച്ച കേസുകളും വളരെ അപൂര്‍വമായി മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളവെന്നാണ് വിദഗ്ധര്‍ പറയുന്നത്.
1,017 1 minute read