BREAKING NEWSKERALA

വന്യമൃഗ ശല്യം മൂലം രണ്ടരയേക്കര്‍ കൃഷിയുപേക്ഷിച്ചു; ജീവിതം വഴിമുട്ടിയ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കണ്ണൂര്‍: കണ്ണൂര്‍ അയ്യന്‍കുന്നില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് വന്യമൃഗ ശല്യം മൂലം ജീവിതം വഴിമുട്ടിയതിനെ തുടര്‍ന്നെന്ന് കുടുംബം. ബുധനാഴ്ച ഉച്ചക്കാണ് പാലത്തുംകടവ്, മുടിക്കയം സ്വദേശി നടുവത്ത് സുബ്രമണ്യന്‍ ആത്മഹത്യ ചെയ്തത്. ക്യാന്‍സര്‍ രോഗി ആയിരുന്ന സുബ്രമണ്യന്‍ പെന്‍ഷന്‍ കൂടി മുടങ്ങിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
രണ്ടേക്കര്‍ ഇരുപത് സെന്റ് സ്ഥലവും വീടും ഉപേക്ഷിച്ച് വാടക വീട്ടിലേക്ക് പലായനം ചെയ്യണ്ടി വന്ന കര്‍ഷകനാണ് സുബ്രമണ്യന്‍. ചോര വിയര്‍പ്പാക്കി നട്ടു നനച്ചതൊക്കെയും കാട്ടാന നശിപ്പിച്ചു. ഒടുവില്‍ വീടിന് നേരെയും കാട്ടനയുടെ ആക്രമണം ഉണ്ടായതോടെ എല്ലാം ഉപേക്ഷിച്ച് വാടക വീട്ടിലേക്കെത്തി. രണ്ടര വര്‍ഷമായി നാട്ടുകാര്‍ ഏര്‍പ്പാടാക്കിയ വാടകവീട്ടില്‍ ആയിരുന്നു താമസം. വാടക വാങ്ങാതെയാണ് വീട്ടുടമ ഇവരെ താമസിപ്പിച്ചിരുന്നത്. എന്നാല്‍ വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി തത്കാലം മാറി താമസിക്കാന്‍ കഴിഞ്ഞ ദിവസം വീട്ടുടമ ആവശ്യപ്പെട്ടിരുന്നു. നാട്ടുകാര്‍ മറ്റൊരു വീട് തേടുന്നതിനിടെ സുബ്രഹ്‌മണ്യന്‍ ജീവിതം അവസാനിപ്പിച്ചു.
ക്യാന്‍സര്‍ രോഗബാധിതനായിരുന്ന സുബ്രഹ്‌മണ്യന് വാര്‍ദ്ധക്യ കാല പെന്‍ഷനായിരുന്നു ഏക വരുമാന മാര്‍ഗം. എന്നാല്‍ പെന്‍ഷന്‍ മുടങ്ങിയതും പ്രതിസന്ധിയുടെ ആഴം കൂട്ടി. ലൈഫ് പദ്ധതിയിയില്‍ വീടിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും സ്വന്തമായി രണ്ടേക്കര്‍ ഭൂമിയുള്ളതിനാല്‍ നിരസിക്കപ്പെട്ടെന്നും ബന്ധുക്കള്‍ പറയുന്നു.

Related Articles

Back to top button