BREAKING NEWSKERALALATEST

നവകേരള സദസ്സിന് സ്‌കൂള്‍ ബസ്; ‘കുട്ടികളുടെ യാത്രക്ക് അസൗകര്യമില്ലാത്ത വിധത്തില്‍ ബസ് നല്‍കാം’, സര്‍ക്കുലര്‍ പുതുക്കി

തിരുവനന്തപുരം:നവകേരള സദസ്സിന് സ്‌കൂള്‍ ബസ്സുകള്‍ വിട്ടുനല്‍കാനുള്ള സര്‍ക്കുലര്‍ പുതുക്കി. കുട്ടികളുടെ യാത്രക്ക് അസൗകര്യമില്ലാത്ത വിധത്തില്‍ ബസ് നല്‍കാം എന്ന പുതിയ വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തിയാണ് സര്‍ക്കുലര്‍ പുതുക്കിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുതുക്കിയ സര്‍ക്കുലര്‍ ഇറക്കിയത്. സ്‌കൂള്‍ ബസുകള്‍ നവകേരള സദസ്സിനായി വിട്ടുകൊടുക്കുന്നത് സ്‌കൂള്‍ കുട്ടികളെ ബാധിക്കുമെന്ന് ചൂണ്ടികാണിച്ച് കെഎസ്യു പ്രതിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കുലര്‍ പുതുക്കിയത്. സ്‌കൂള്‍ ബസുകള്‍ വിട്ടുകൊടുക്കണമെന്ന നിര്‍ദേശത്തില്‍ മാറ്റം വരുത്തിയിട്ടില്ല.
മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സ് പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ ബസുകളും വിട്ടുനല്‍കണമെന്നായിരുന്നു നേരത്തെയിറക്കിയ സര്‍ക്കുലര്‍. സംഘാടകര്‍ ആവശ്യപ്പെട്ടാല്‍ ബസുകള്‍ വിട്ടു നല്‍കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകര്‍ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. നവ കേരള സദസ്സ് പരിപാടിയിക്കെത്തുന്ന പൊതുജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് ബസുകള്‍ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടത്. ഇന്നാണ് നവകേരള സദസ്സ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

Related Articles

Back to top button