ന്യൂഡല്‍ഹി: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ക്യാങ്‌പോപ്പി ജില്ലയില്‍ നടന്ന ആക്രമണത്തില്‍ രണ്ട് കുക്കി വിഭാഗക്കാര്‍ കൊല്ലപ്പെട്ടു. ക്യാങ്‌േേപാപ്പിയിലെ കൊബ്‌സാ ഗ്രാമത്തില്‍ നടന്ന ആക്രമണത്തിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ മെയ്‌തെയി വിഭാഗക്കാരാണെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ കുക്കി സംഘടനകള്‍ ജില്ലയില്‍ ബന്ദ് ആചരിച്ചു. ഇതിനിടെ കലാപം പൂര്‍ണ്ണമായി അവസാനിപ്പിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പത്തു പ്രതിപക്ഷ സംഘടനകള്‍ മണിപ്പൂര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ഇതിനിടെ ഇംഫാല്‍ വിമാനത്താവളത്തിന് മുകളില്‍ അജ്ഞാത പറക്കല്‍ വസ്തു കണ്ടെത്തിയതില്‍ വ്യോമസേന പരിശോധന തുടങ്ങി. പരിശോധനയ്ക്കായി വ്യോമസേനയുടെ രണ്ട് റഫാല്‍ വിമാനങ്ങളെ നിയോഗിച്ചു. പരിശോധനയില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താനിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെയാണ് വിമാനത്താവളത്തിന് മുകളില്‍ അജ്ഞാതവസ്തു കണ്ടത്. തുടര്‍ന്ന് മണിക്കൂറുകളോളം വിമാന സര്‍വീസ് നിര്‍ത്തിവച്ചിരുന്നു.പറന്നത് ഡ്രോണ്‍ ആണെന്നാണ് നിഗമനം. ടെര്‍മിനല്‍ ബില്‍ഡിങിന് മുകളിലൂടെ പറന്ന ഡ്രോണ്‍ പിന്നീട് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിന് മുകളിലൂടെ തെക്ക് ഭാഗത്തേക്ക് പറക്കുകയും കുറച്ച് നേരെ അവിടെ നിശ്ചലമായിരിക്കുകയും ചെയ്തു. പിന്നീട് റണ്‍വേയുടെ തെക്ക് പടിഞ്ഞാറ് വശത്തേക്ക് സഞ്ചരിച്ചു. 4.05 വരെ വിമാനത്താവളത്തിന്റെ പരിസരത്ത് തന്നെ ചുറ്റിത്തിരിഞ്ഞ ശേഷം പിന്നീട് അപ്രത്യക്ഷമായി. വൈകുന്നേരം 4.26നായിരുന്നു ഇംഫാലില്‍ സൂര്യാസ്തമയം.
ഇതേസമയം 173 യാത്രക്കാരുമായി വിമാനത്താവളത്തില്‍ ലാന്റ് ചെയ്യേണ്ടിയിരുന്ന കൊല്‍ക്കത്ത – ഇംഫാല്‍ ഇന്റിഗോ വിമാനം എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നുള്ള അനുമതിക്കായി കാത്തുനില്‍ക്കുകയായിരുന്നു. സിഐഎസ്എഫ്, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, വ്യോമസേന, ഇംഫാല്‍ വെസ്റ്റ് പൊലീസ് സൂപ്രണ്ട് എന്നിവരുടെ ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ വിമാനത്തിന് ലാന്റിങ് അനുമതി നല്‍കിയില്ല. 25 മിനിറ്റ് വിമാനത്താവളത്തിന്റെ പരിസരത്ത് പറന്ന ശേഷം 3.03ന് വിമാനം ആസാമിലെ ഗുവാഹത്തിയിലേക്ക് തിരിച്ചുവിട്ടു. ഡല്‍ഹിയില്‍ നിന്ന് ഇംഫാലിലേക്ക് 183 യാത്രക്കാരുമായി വന്ന മറ്റൊരു ഇന്റിഗോ വിമാനം 4.05ന് കൊല്‍ക്കത്തിയിലേക്കും തിരിച്ചുവിട്ടു. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളും ഒരു ഇന്റിഗോ വിമാനവും ഈ സമയത്ത് വിമാനത്താവളത്തിലെ ഏപ്രണില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.
1,006 1 minute read