CRICKETSPORTSTOP STORY

ലോകകപ്പ് ഫൈനൽ കാണാൻ ബിസിസിഐ ക്ഷണിച്ചില്ല; പരാതിയുമായി കപിൽ ദേവ്

 

അഹമ്മദാബാദിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ കാണാൻ ബിസിസിഐ അധികൃതർ തന്നെ ക്ഷണിച്ചില്ലെന്ന പരാതിയുമായി മുൻ ഇതിഹാസ താരം കപിൽ ദേവ് രംഗത്ത്. 1983ലെ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക് ആദ്യമായി സമ്മാനിച്ചത് കപിലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമായിരുന്നു. 83ലെ ടീമിൽ നിന്നാർക്കും സ്റ്റേഡിയത്തിലേക്ക് ക്ഷണമുണ്ടായിരുന്നില്ലെന്നും കപിൽ ചൂണ്ടിക്കാട്ടി.

“എന്നെ അവിടേക്ക് ക്ഷണിച്ചിട്ടില്ല. അവർ എന്നെ വിളിച്ചില്ല, അതിനാൽ ഞാൻ പോയില്ല. അങ്ങനെ പറയുന്നതാണ് എളുപ്പം. 1983 ടീം മുഴുവനും എന്നോടൊപ്പം ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷേ, ഇതൊരു വലിയ ഇവന്റായതിനാലും, ആളുകൾ ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യുന്ന തിരക്കിലായതിനാലും ചിലപ്പോൾ അവർ മറക്കും”എന്തുകൊണ്ടാണ് ഫൈനൽ മത്സരത്തിന് ഇല്ലാതിരുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി കപിൽദേവ് പറഞ്ഞു.

ഏകദിന ലോകകപ്പ് നേടിയ ക്യാപ്റ്റന്മാരെ അനുമോദിക്കുന്ന പ്രത്യേക ചടങ്ങ് ഉൾപ്പെടെ സംഘടിപ്പിച്ചിട്ടും, കപിൽ ദേവിനെ ബിസിസിഐ അധികൃതർ വിളിക്കാതിരുന്നത് വിവാദമായിട്ടുണ്ട്. എബിപി ചാനലിന്റെ ചർച്ചയ്ക്കിടെയാണ് കപിൽ ദേവിന്റെ ഈ പരാമർശം. 1983 ജൂൺ 25ന് അന്നത്തെ കരുത്തരായ വെസ്റ്റ് ഇൻഡീസിനെ തകർത്താണ്, പ്രുഡൻഷ്യൽ കപ്പ് എന്ന് പേരിട്ടിരുന്ന ലോകകപ്പ് കിരീടം കപിലും കൂട്ടരും ഉയർത്തിയത്.

ക്രിക്കറ്റിന്റെ തട്ടകമായ ലോർഡ്സിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അവർക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും വെസ്റ്റ് ഇൻഡീസ് ബൗളർമാർ 183 റൺസിൽ ഇന്ത്യയെ എറിഞ്ഞൊതുക്കി. ആൻഡി റോബർട്ട്‌സ്, മാൽകോം മാർഷൽ, മൈക്കൽ ഹോൾഡിംഗ്, ജോയൽ ഗാർണർ എന്നീ ലോകോത്തര ബൌളർമാർ മികച്ച പ്രകടനമാണ് നടത്തിയത്.

മറുപടി ബാറ്റിങ്ങിൽ 43 റൺസകലെ കരീബിയൻ പടയിലെ എല്ലാവരും പുറത്തായി. മൊഹീന്ദർ അമർനാഥിന്റെ ഓൾറൌണ്ട് പ്രകടനമികവിലാണ് ഇന്ത്യ ചരിത്രത്തിലെ ആദ്യത്തെ ലോകകപ്പ് കിരീടം ചൂടിയത്.

Related Articles

Back to top button