BREAKING NEWSNATIONAL

വിവാഹചടങ്ങ് കഴിഞ്ഞതും വധു കാമുകനൊപ്പം പോയി, വിവാഹിതനാകാതെ വീട്ടിലേക്കില്ലെന്ന് വരന്‍; പിന്നാലെ ട്വിസ്റ്റ്

ബിഹാറിലെ ഭഗല്‍പൂരില്‍ വിവാഹ ചടങ്ങുകള്‍ കഴിഞ്ഞതിന് തൊട്ടു പിന്നാലെ വധു കാമുകനൊപ്പം ഒളിച്ചോടി. വധു ഒളിച്ചോടിയതോടെ വിവാഹത്തിനെത്തിയ അതിഥികള്‍ എല്ലാവരും മടങ്ങിപ്പോയെങ്കിലും വരനും കൂട്ടരും മടങ്ങിപ്പോകാന്‍ തയാറായില്ല. മറ്റൊരു വിവാഹം കഴിച്ച് വധുവിനോടൊപ്പം മാത്രമേ ഇനി മടക്കമൊള്ളൂവെന്ന തീരുമാനത്തില്‍ തന്നെ വരനും സുഹൃത്തുക്കളും ഉറച്ച് നിന്നു. ഇതോടെ പ്രതിസന്ധിയിലായ വരന്റെ ബന്ധുക്കള്‍ വിവാഹത്തിനെത്തിയ മറ്റൊരു പെണ്‍കുട്ടിയുമായി അതേ വിവാഹ വേദിയില്‍ വച്ച് വിവാഹം നടത്തി.
നവംബര്‍ 27 നായിരുന്നു സംഭവം. ഭഗല്‍പൂര്‍ ജില്ലയിലെ കജ്റൈലിയില്‍ താമസിക്കുന്ന പദ്ദു ഷായുടെ മകന്‍ പ്രകാശ് ഷായുടെ വിവാഹമാണ് ഇത്തരത്തില്‍ ട്വിസ്റ്റുകള്‍ നിറഞ്ഞത്. സന്‍ഹൂലയില്‍ നിന്നുള്ള യുവതിയുമായിട്ടായിരുന്നു പ്രകാശ് ഷായുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ ദിവസം ഇരു വീട്ടുകാരും ചടങ്ങുകള്‍ക്കായി എത്തുകയും വിവാഹ ചടങ്ങുകള്‍ ആരംഭിക്കുകയും ചെയ്തു. വധുവും വരനും പരസ്പരം മാല അണിയിക്കുകയും പിന്നാലെ വിവാഹ ചിത്രങ്ങളും എടുത്തു. പക്ഷേ, വധുവിന്റെ മനസ്സില്‍ എന്താണന്ന് മാത്രം ആര്‍ക്കും പിടികിട്ടിയില്ല.
ഒടുവില്‍, മംഗളസൂത്രം, സിന്ദൂരം എന്നിവ ഉള്‍പ്പെടുന്ന മറ്റ് പ്രധാന ചടങ്ങുകള്‍ക്ക് മുന്നോടിയായി അവള്‍ തന്റെ തീരുമാനം നടപ്പാക്കി. ഇരുവീട്ടുകാരും നോക്കി നില്‍ക്കെ കാമുകനൊപ്പം വിവാഹ പന്തലില്‍ നിന്നും വധു ഇറങ്ങിപ്പോയി. അതോടെ വരനും വീട്ടുകാരും രോഷാകൂലരായി. വധുവില്ലാതെ മടങ്ങുന്നത് അപമാനകരമാണെന്ന് പറഞ്ഞ അവര്‍ മടങ്ങിപ്പോകാന്‍ തയ്യാറാകാതെ വിവാഹ പന്തലില്‍ തന്നെ നിന്നു. ഒടുവില്‍ കഹല്‍ഗാവില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയെ അതെ വിവാഹ പന്തിലില്‍ വച്ച് വരന്റെ വീട്ടുകാര്‍ കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ചു. അവരും സമ്മതം മൂളിയതോടെ തൊട്ടടുത്തുള്ള നാഥ്നഗറിലെ മനസ്‌കമന നാഥ് ക്ഷേത്രത്തില്‍ വച്ച് അന്ന് തന്നെ ഇരുവരും വിവാഹവും നടത്തി. പിറ്റേന്ന് വിവാഹത്തിന്റെ രേഖകള്‍ രജിസ്‌ട്രേഷനായി എത്തിച്ചു.

Related Articles

Back to top button