BREAKING NEWSWORLD

‘കര്‍മ്മഫലം’ നന്നാവാന്‍ നദിയില്‍ ഭക്ഷ്യവസ്തുക്കളൊഴുക്കിയ യുവതികളെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുന്നതിനായി പാചകം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ നദിയില്‍ ഒഴുക്കിയ യുവതികള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. തങ്ങളുടെ വിശ്വാസപ്രകാരം നല്ല കര്‍മ്മഫലം ലഭിക്കുമെന്ന് വിശ്വസിച്ചാണത്രേ യുവതികള്‍ ഇങ്ങനെ ചെയ്തത്. നവംബര്‍ 26 ന് തെക്കന്‍ ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ നിന്നുള്ള രണ്ട് സ്ത്രീകളാണ് ഇത്തരമൊരു പ്രവര്‍ത്തി ചെയ്തതിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും ഇപ്പോള്‍ വ്യാപകമായ വിമര്‍ശനം നേരിടുന്നത്. ഇവര്‍ അരി, ഗോതമ്പ്, പാചക എണ്ണ, പാല്‍ എന്നിവയുടെ മിശ്രിതം നദിയിലേക്ക് ഒഴുക്കുന്നതിന്റെ വീഡിയോ ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രചരിച്ചതോടെയാണ് പരിസ്ഥിതി സ്‌നേഹികള്‍ ഇവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഫാങ് ഷെങ് അല്ലെങ്കില്‍ ”ജീവിതത്തെ പ്രകൃതിയിലേക്ക് വിടുക”എന്നറിയപ്പെടുന്ന ഒരു നാടോടി ആചാരമാണ് സ്ത്രീകള്‍ നടത്തിയതെന്നാണ് ഇവരുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാ എന്ന വ്യക്തി പ്രാദേശിക മാധ്യമങ്ങളോട് വ്യക്തമാക്കിയത്. എന്നാല്‍ ആളുകള്‍ വിശ്വാസങ്ങളുടെ പേരില്‍ ആണെങ്കില്‍ പോലും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നത് നദികളെ മലിനമാക്കുകയും പ്രകൃതിയെ ദോഷകരമായി ബാധിക്കുമെന്നും പരിസ്ഥിതി സംഘടനാ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലും ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
ചൈനയിലെ ഒന്നിലധികം മതങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള ഒരാചാരമാണ് ഫാങ് ഷെങ്. കൂടുതലായും ഇത് ബുദ്ധമതവുമായി ബന്ധപ്പെടുന്ന ഒരു ആചാരമാണ്. എന്നാല്‍ ഈ സമ്പ്രദായം അടുത്ത കാലത്തായി കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിതുറന്നു. ഇതിന് പ്രധാന കാരണം തദ്ദേശീയമല്ലാത്ത ഇനങ്ങളും വിദേശ ഭക്ഷ്യ ഉല്‍പന്നങ്ങളും ചടങ്ങുകളുടെ ഭാഗമായി നദികളില്‍ ഒഴുക്കുന്നതുമായി ബന്ധപ്പെട്ടാണ്. ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമേ മൃഗങ്ങളെയും ഈ ചടങ്ങുകളുടെ ഭാഗമായി പ്രകൃതിയിലേക്ക് തുറന്നു വിടാറുണ്ട്. 2016-ല്‍, ഒരു ഫാങ് ഷെങ് ബിസിനസ്സ് സ്ഥാപനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അതില്‍ ആളുകള്‍ വന്യമൃഗങ്ങളെ പിടികൂടി ഭക്തര്‍ക്ക് വലിയ വിലയ്ക്ക് വില്‍ക്കുകയും പിന്നീട് ഭക്തര്‍ ചടങ്ങുകളുടെ ഭാഗമായി അവയെ പ്രകൃതിയിലേക്ക് തന്നെ തുറന്നു വിടുകയും ചെയ്യുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനായി കഴിഞ്ഞ ഫെബ്രുവരിയില്‍, മൃഗങ്ങളെ നിയമപരമായി വിട്ടയക്കാവുന്ന രാജ്യവ്യാപകമായി 200 സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് ചൈനയിലെ കാര്‍ഷിക, ഗ്രാമീണ കാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ ഈ സ്ഥലങ്ങളില്‍ മാത്രമാണ് മൃഗങ്ങളെ ആളുകള്‍ തുറന്നു വിടാറുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഭക്ഷ്യവസ്തുക്കള്‍ നദിയില്‍ ഒഴുക്കുന്നത് ഇപ്പോഴും എല്ലായിടങ്ങളിലും വ്യാപകമായി നടക്കുന്നതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പറയുന്നത്.

Related Articles

Back to top button