BREAKING NEWSKERALA

ഡോ. ഷഹനയുടെ മരണം; റുവൈസ് 14 ദിവസം റിമാന്‍ഡില്‍

തിരുവനന്തപുരം: ഡോ. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഡോ. റുവൈസ് 14 ദിവസം റിമാന്‍ഡില്‍. വഞ്ചിയൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഡിസംബര്‍ 21 വരെ പ്രതിയെ റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ടത്. വ്യാഴാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈകിട്ടോടെയാണ് കോടതിയില്‍ ഹാജരാക്കിയത്.
വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റുവൈസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ‘തന്റെ ഭാഗത്തുനിന്ന് ആരെങ്കിലും എപ്പോഴെങ്കിലും എല്ലാവിശേഷങ്ങളും കേള്‍ക്കും’, എന്നായിരുന്നു ഇയാളുടെ വാക്കുകള്‍.
ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടില്‍നിന്ന് ഡോ. റുവൈസിനെ മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം അടക്കമുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. റുവൈസ് സ്ത്രീധനം ചോദിച്ചതിന് തെളിവുകള്‍ ലഭിച്ചതായി പോലീസും പ്രതികരിച്ചിരുന്നു. അതേസമയം, പ്രതിയുടെ ഫോണില്‍നിന്ന് ചില ചാറ്റുകള്‍ നീക്കംചെയ്തതായി സൂചനയുണ്ട്. ഇത് വീണ്ടെടുക്കാനായി പോലീസ് സൈബര്‍ ഫൊറന്‍സിക് വിഭാഗത്തെ സമീപിക്കും.
തിങ്കളാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളേജിന് സമീപത്തെ ഫ്ളാറ്റില്‍ ഷഹനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. രാത്രി സര്‍ജറി ഐ.സി.യു.വില്‍ ഡ്യൂട്ടിക്ക് വരേണ്ട ഷഹന എത്താത്തതിനാല്‍ സഹപാഠികള്‍ അന്വേഷിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിളിച്ച് മുറിതുറന്നതോടെയാണ് ഷഹനയെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ചാണ് ഡോക്ടര്‍ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
ഷഹനയെ വിവാഹം കഴിക്കാനായി റുവൈസാണ് സമ്മര്‍ദം ചെലുത്തിയതെന്നായിരുന്നു യുവതിയുടെ കുടുംബത്തിന്റെ ആരോപണം. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിസംഘടന പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടെ സജീവമായ റുവൈസിനെക്കുറിച്ച് ഷഹനയ്ക്ക് നല്ലമതിപ്പായിരുന്നുവെന്നും സഹോദരന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍, വിവാഹം ഉറപ്പിക്കുന്ന ഘട്ടമെത്തിയപ്പോള്‍ ഉയര്‍ന്ന സ്ത്രീധനമാണ് റുവൈസും കുടുംബവും ആവശ്യപ്പെട്ടതെന്നും 150 പവനും 15 ഏക്കറും ബി.എം.ഡബ്യൂ. കാറുമാണ് ഇവര്‍ ചോദിച്ചതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

Related Articles

Back to top button