BREAKING NEWSKERALA

തലവേദനക്ക് കുത്തിവെപ്പെടുത്തു; പിന്നാലെ എഴു വയസ്സുകാരന്റെ കാല് തളര്‍ന്നെന്ന് പരാതി; ഡോക്ടര്‍ക്കും നഴ്‌സിനുമെതിരെ കേസ്

മലപ്പുറം: ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസ്സുകാരന്റെ കാല് തളര്‍ന്നെന്ന പരാതിയില്‍ ഡോക്ടര്‍ക്കും നഴ്‌സിനുമെതിരെ കേസ്. ഡോക്ടറെ ഒന്നാം പ്രതിയും പുരുഷ നഴ്‌സിനെ രണ്ടാം പ്രതിയുമാക്കിയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്. കുത്തിവെപ്പിന് തുടര്‍ന്ന് കാലിന് ഭാഗികമായി ചലനശേഷി നഷ്ടപ്പെട്ട കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്.
തൃശൂര്‍ പാലയൂര്‍ സ്വദേശി ഷാഫിലിന്റെ മകന്‍ മുഹമ്മദ് ഗസാലിയെ തലവേദനയെ തുടര്‍ന്നാണ് മാതാവ് ഹിബയുമൊത്ത് ചവക്കട് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഡിസംബര്‍ 1ന് അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറെ കാണിച്ചപ്പോള്‍ രണ്ട് കുത്തിവെപ്പുകള്‍ എടുക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ഗസാലിയുടെ ഇടതു കൈയില്‍ ആദ്യം കുത്തിവെപ്പ് നല്‍കി.
കൈയില്‍ വേദന അനുഭവപ്പെടുന്നതായി കുട്ടി പറഞ്ഞപ്പോള്‍ പുരുഷ നഴ്‌സ് സിറിഞ്ച് താഴെ വെച്ച് അവിടെനിന്ന് പോയെന്നും മാതാവ് പിന്നാലെ പോയി പറഞ്ഞിട്ടാണ് നഴ്‌സ് തിരികെ വന്നതെന്നും പരാതിയില്‍ പറയുന്നു. ശേഷം അരക്കെട്ടില്‍ ഇടതുഭാഗത്തായി കുത്തിവെപ്പ് നല്‍കി. ഇതോടെ ഇടതുകാലില്‍ ശക്തമായ വേദനയും തരിപ്പും അനുഭവപ്പെട്ടു. എഴുന്നേറ്റ് നടക്കാന്‍ ശ്രമിച്ചപ്പോള്‍ ഇടത് കാലിന് ബലക്കുറവ് തോന്നുകയും ചെയ്തു.
ഈ സമയം കുട്ടിയുടെ മാതാവ് ഹിബ ഡോക്ടറെ ചെന്നുകണ്ട് വിവരം പറഞ്ഞു. മാറിക്കോളുമെന്ന് പറഞ്ഞ് ഡോക്ടര്‍ വീട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്തു. പക്ഷെ കുട്ടിയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതായതോടെ കോട്ടയ്ക്കലിലെ ആശുപത്രിയിലെത്തിച്ചു. മരുന്ന് മാറിയതിനാലോ ഇന്‍ജക്ഷന്‍ ഞരമ്പില്‍ കൊണ്ടതിനാലോ ആവാം കാലിലെ തളര്‍ച്ചയെന്ന് അവിടെയുള്ള ഡോക്ടര്‍ അറിയിച്ചുവെന്ന് കുടുംബം പറയുന്നു.
തുടര്‍ന്ന് രക്ഷിതാക്കള്‍ ചാവക്കാട് പൊലീസിനും ആശുപത്രി സൂപ്രണ്ട്, എം.എല്‍.എ, ആരോഗ്യമന്ത്രി, ബാലാവകാശ കമീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാര്‍ പറഞ്ഞു.

Related Articles

Back to top button