BREAKING NEWSKERALA

‘പഠന ശേഷം വിവാഹം നടത്താന്‍ തീരുമാനിച്ചു, വിവാഹം വേഗം വേണമെന്ന് ഷഹന നിര്‍ബന്ധിച്ചു’; ഡോ. റുവൈസ് കോടതിയില്‍

കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ പ്രതിയായ ഡോ. റുവൈസ് നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. റുവൈസിന്റെ ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. ഷഹനയുടെ ആത്മഹത്യയില്‍ പങ്കില്ലെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നും റുവൈസ് ഹ?ര്‍ജിയില്‍ പറയുന്നു. അതേസമയം, റുവൈസിന്റെ പിതാവ് അബ്ദുല്‍ റഷീദിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
പഠനത്തിന് ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവാഹം വേഗം വേണമെന്ന് ഷഹന നിര്‍ബന്ധിച്ചിരുന്നു. ഇത് പറ്റില്ലെന്ന് പറഞ്ഞിരുന്നതായും റുവൈസ് ഹര്‍ജിയില്‍ പറയുന്നു. നേരത്തെ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കുറ്റം അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി, ഈ ഘട്ടത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂട്ടറുടെ വാദം കൂടി പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
”അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നു. ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സദോഹരിക്ക് വേണ്ടിയാണോ. ഞാന്‍ വഞ്ചിക്കപ്പെട്ടു.” ഒപി ടിക്കറ്റിന്റെ പിറകില്‍ ഡോ. ഷഹന എഴുതിയ ആത്മഹത്യാക്കുറിപ്പിലെ ഈ വരികളുടെയും ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും പശ്ചാത്തലത്തിലാണ് റുവൈസിനെ കേസില്‍ പ്രതി ചേര്‍ത്തതും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയതും. കത്തില്‍ റുവൈസിന്റെ പേരുമുണ്ട്. ആത്മഹത്യ കുറിപ്പില്‍ റുവൈസിന്റെ പേരില്ലെന്നായിരുന്നു ആദ്യഘട്ടത്തില്‍ പൊലീസ് പറഞ്ഞിരുന്നത്. റുവൈസ് സ്ത്രീധനം ചോദിച്ചെന്ന ബന്ധുക്കളുടെ മൊഴിയും പൊലീസ് മറച്ചുവച്ചു. പിന്നീട് ഷഹ്നയുടെ ആത്മഹത്യ വലിയ ചര്‍ച്ചയായതിന് ശേഷം മാത്രമാണ് പൊലീസ് റുവൈസിനെതിരെ കേസെടുക്കാന്‍ തയ്യാറായത്.
ബന്ധത്തില്‍ നിന്നും പിന്മാറിയതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന ഡോ. റുവൈസിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. എന്നാല്‍, ഇത് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ റുവൈസ് ഷഹനയുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതല്‍ തകര്‍ക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അറസ്റ്റിലാകുന്നതിന് മുമ്പ് ഷഹന അയച്ച സന്ദേശം റുവൈസ് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷെ കഴക്കൂട്ടം അസി.കമ്മീഷണറുടെ ചോദ്യം ചെയ്യലില്‍ ഷഹന സന്ദേശം അയച്ചിരുന്നതായി റുവൈസ് സമ്മതിച്ചു. ഷഹനയുടെ മൊബൈലില്‍ നിന്നും തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button