BREAKING NEWSWORLD

വീല്‍ചെയറില്‍ ഇരുന്ന് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കി ചൈനീസ് ദമ്പതികള്‍

ചൈനയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതങ്ങളില്‍ ഒന്നിന്റെ നെറുകയിലെത്തിയപ്പോള്‍ അവര്‍ക്കിരുവര്‍ക്കും അത്ഭുതമായിരുന്നു. കാരണം, ജീവിതത്തിലെ ഓരോ നിമിഷവും ആ ദമ്പികള്‍ ഇരുവരും കടന്ന് പോകുന്നത് തങ്ങളുടെ വീല്‍ച്ചെയറിന്റെ സഹായത്താലാണ്. ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ നിംഗ്ബോയില്‍ നിന്നുള്ള ഷു യുജിയും ഫാന്‍ സിയാവോയും ആണ് ലോകത്തിന് മുഴുവന്‍ പ്രചോദനമായ ആ മാതൃകയായ ദമ്പതികള്‍. കൈകാലുകളുടെ വൈകല്യ മൂലം വീല്‍ചെയറിന്റെ സഹായത്തോടെയാണ് ഇവര്‍ ഇരുവരും തങ്ങളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.
മൂന്ന് വര്‍ഷം മുമ്പ് നടന്ന ഇവരുടെ വീല്‍ചെയര്‍ കല്യാണം, സാമൂഹിക മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ചൈനയുടെ കിഴക്കന്‍ പ്രവിശ്യയായ അന്‍ഹുയിയിലെ ഹുവാങ്ഷാന്‍ പര്‍വതനിരയുടെ നിറുകയില്‍ കയറിക്കൊണ്ടാണ് ഇപ്പോള്‍ ഈ ദമ്പതികള്‍ വീണ്ടും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. ഹുവാങ്ഷാന്‍ (Huangshan) എന്ന ചൈനീസ് വാക്കിന് മഞ്ഞ പര്‍വ്വതം (Yellow Mountain) എന്നാണ് അര്‍ത്ഥം. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റും ചൈനയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടികളിലൊന്നുമാണ് ഹുവാങ്ഷാന്‍ പര്‍വതനിര. ഈ നേട്ടം നിരവധി ആളുകള്‍ക്ക് പ്രചോദനകരമാകുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് ഷു യുജിയും ഫാന്‍ സിയാവോയും പറഞ്ഞു.
2009 -ല്‍ തന്റെ ഇരുപതാം വയസ്സില്‍ നട്ടെല്ലിനെ ബാധിക്കുന്ന ഒരു അണുബാധയെ തുടര്‍ന്നാണ് ഷുവിന്റെ ജീവിതം പൂര്‍ണ്ണമായും വീല്‍ചെയറിലായത്. ഏതാണ്ട് അതേ സമയത്ത് തന്നെയായിരുന്നു സര്‍വ്വകലാശാല പ്രവേശന പരീക്ഷ എഴുതാനിരിക്കെ വാസ്‌കുലര്‍ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് ഫാനിനും നട്ടെല്ലിന് ക്ഷതം സംഭവിച്ചത്. അങ്ങനെ ഏതാണ്ടൊരേ കാത്ത് രണ്ട് ദേശങ്ങളിലായി ഇരുവരും വീല്‍ച്ചെയറിന്റെ സഹായത്താല്‍ ജീവിതം മുന്നോട്ട് നീക്കി. ഇതിനിടെ ഇരുവരുടെയും ഒരു പൊതു സുഹൃത്ത് വഴിയാണ് പരസ്പരം കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും പ്രണയിക്കുന്നതും. പ്രണയം പിന്നീട് വിവാഹത്തില്‍ അവസാനിച്ചു.
അവര്‍ കണ്ടുമുട്ടി അധികം താമസിയാതെ തന്നെ, ഫാന്‍ ഷുവിനോട് യാത്ര ചെയ്യാനുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് പറഞ്ഞു. അങ്ങനെ തന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ വകവെക്കാതെ ഷൂ ഡ്രൈവിംഗ് പഠിച്ചു. അതിന് ശേഷം, അവര്‍ വീല്‍ചെയറില്‍ രാജ്യം ചുറ്റി. യാത്രയ്ക്കിടയിലുണ്ടായ എല്ലാ വെല്ലുവിളികളെയും ഇരുവരും സധൈര്യം നേരിട്ടു. ബീജിംഗ്, സിയാമെന്‍, വുഹാന്‍, മൗണ്ട് ഹുവാങ്ഷാന്‍ തുടങ്ങി രാജ്യത്തെ പ്രധാന സ്ഥലങ്ങളെല്ലാം ഇരുവരും ഇതിനോടകം സന്ദര്‍ശിച്ചു കഴിഞ്ഞു. വീല്‍ ചെയര്‍ ഡാന്‍സിംഗിലും ഈ ദമ്പതികള്‍ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. ജീവിതത്തില്‍ സ്വന്തമാക്കുന്ന ഓരോ നേട്ടവും തങ്ങളെപ്പോലെയുള്ള നിരവധി പേര്‍ക്ക് സ്വപ്നം കാണാനും അവ നേടിയെടുക്കാനുമുള്ള പ്രചോദനമാകിമെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് ഷു യുജിയും ഫാന്‍ സിയാവോയും പറയുന്നു.

Related Articles

Back to top button