BREAKING NEWSNATIONAL

മോദി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം വിവരിക്കാന്‍ വാക്കുകളില്ല;എംപിമാരുടെ സസ്പെന്‍ഷനെ വിമര്‍ശിച്ച് സോണിയ

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷ എം.പിമാരെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. പ്രതിപക്ഷ എം.പിമാര്‍ക്കെതിരായ നടപടിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തെ അടിച്ചമര്‍ത്തുകയാണെന്ന് സോണിയ കുറ്റപ്പെടുത്തി. 141 പ്രതിപക്ഷ എം.പിമാരെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സോണിയയുടെ വിമര്‍ശനം.
‘ജനാധിപത്യത്തെ ഈ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. സഭയില്‍നിന്ന് മുമ്പൊരിക്കലും ഇത്രയധികം പ്രതിപക്ഷ എം.പിമാര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടിട്ടില്ല. തികച്ചും ന്യായവും നിയമാനസൃതവുമായ ആവശ്യങ്ങള്‍ സഭയില്‍ ഉന്നയിച്ചതിനാണ് എം.പിമാര്‍ക്കെതിരേയുള്ള ഈ നടപടി’, സോണിയ പറഞ്ഞു.
ഡിസംബര്‍ 13ന് പാര്‍ലമെന്റില്‍ നടന്ന അതിക്രമം ഒരു തരത്തിലും ന്യായീകരിക്കാനാകാത്തതും ക്ഷമിക്കാനാകാത്തതുമാണെന്നും സോണിയ അഭിപ്രായപ്പെട്ടു. സഭയിലെ ഈ അസാധാരണ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പ്രസ്താവന നടത്തണമെന്ന് മാത്രമാണ് പ്രതിപക്ഷ എം.പിമാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ ഈ അഭ്യര്‍ഥനയോട് കേന്ദ്രസര്‍ക്കാര്‍ കാണിച്ച ധാര്‍ഷ്ട്യത്തെ വിവരിക്കാന്‍ വാക്കുകളില്ലെന്നും സോണിയ വിമര്‍ശിച്ചു.
സംഭവത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് ഒരു പ്രതികരണം അറിയിക്കാന്‍ പ്രധാനമന്ത്രിക്ക് നാല് ദിവസം വേണ്ടിവന്നു. എന്നാല്‍ അദ്ദേഹം പ്രതികരണം അറിയിച്ചത് പാര്‍ലമെന്റിന് പുറത്തുവെച്ചാണ്. ഇതിലൂടെ സഭയുടെ അന്തസ്സിനെ പ്രധാനമന്ത്രി അവഹേളിച്ചുവെന്നും രാജ്യത്തെ ജനങ്ങളോടുള്ള അവഗണനയാണ് ഇതെന്നും സോണിയ കുറ്റപ്പെടുത്തി. പ്രതിപക്ഷത്ത് ബിജെപി ആയിരുന്നെങ്കില്‍ ഇതില്‍ അവര്‍ എങ്ങനെയായിരുന്നു പ്രതികരിക്കുകയെന്ന് ജനങ്ങള്‍ ചിന്തിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.

Related Articles

Back to top button