BREAKING NEWSKERALALATEST

കളമശ്ശേരി സ്‌ഫോടനം; കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമക്ക് വിട്ടുനല്‍കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി

കൊച്ചി: എറണാകുളം കളമശ്ശേരി സ്‌ഫോടന സംഭവത്തില്‍ സ്‌ഫോടനം നടന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമക്ക് വിട്ടുനല്‍കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യമെങ്കില്‍ ഹാളില്‍ നിന്നും വീണ്ടും സാമ്പിളുകള്‍ ശേഖരിക്കാമെന്നും കോടതി നിര്‍ദേശത്തില്‍ പറയുന്നു. ഇത് രണ്ടുദിവസത്തിനുള്ളില്‍ ശേഖരിക്കണം. ഇതിന് തൊട്ടടുത്ത ദിവസം തന്നെ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമക്ക് കൈമാറാനാണ് ഉത്തരവില്‍ നിര്‍ദേശിക്കുന്നത്. സ്‌ഫോടനത്തിന് ശേഷം പൊലീസിന്റെ കസ്റ്റഡിയിലാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉളളത്.
അതേ സമയം, കളമശ്ശേരി സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോണാണ് മരിച്ചത്. 78 വയസായിരുന്നു. നഗരത്തിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്ഫോടനത്തില്‍ പരിക്കേറ്റ് ചകിത്സയിലാണ്. ഇതോടെ ആകെ മരണം 7 ആയി.
നാടിനെ നടുക്കിയ കളമശ്ശേരി സ്‌ഫോടനം നടന്നിട്ട് 2 മാസമാകുന്നു. ഒക്ടോബര്‍ 29 ന് കളമശ്ശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയായിരുന്ന സ്‌ഫോടനമുണ്ടായത്. 7 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത കേസില്‍ ഡൊമിനിക് മാര്‍ട്ടിനെ മാത്രമാണ് പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. മാര്‍ട്ടിന്‍ നിലവില്‍ റിമാന്‍ഡിലാണ്. യഹോവ സാക്ഷികളുടെ ഉള്ളിലുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങളാണ് സ്‌ഫോടനത്തിലേക്ക് പ്രതിയെ നയിച്ചതെന്ന് പറയുന്നുണ്ടെങ്കിലും കൂടുതല്‍ കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തതയില്ല.

Related Articles

Back to top button