BREAKING NEWSWORLD

‘പട്ടിക്കോളര്‍’ ധരിച്ച് അഞ്ച് വയസുകാരി; കാരണം കേട്ട് രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

കുട്ടികളുടെ വര്‍ദ്ധിച്ചു വരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗം പല മാതാപിതാക്കളും ആശങ്കയോടെ ചൂണ്ടിക്കാണിക്കുന്ന കാര്യമാണ്. ആരോഗ്യവിദഗ്ദരും മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്ഒ ചൈനയിലെ ഒരു മുത്തച്ഛന്‍ തന്റെ അഞ്ച് വയസുള്ള പേരക്കുട്ടിയുടെ മോബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ അതിരുകടന്ന ഒരു പ്രവര്‍ത്തി ചെയ്തു. അദ്ദേഹത്തിന്റെ പ്രവര്‍ത്തി ഇപ്പോള്‍ ചൈനീസ് സാമൂഹിക മാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ചയാണ്. കുട്ടി മൊബൈല്‍ ഫോണിലേക്ക് നിരന്തരം നോക്കാതിരിക്കാന്‍ മുത്തച്ഛന്‍, നായ്ക്കളെ ധരിപ്പിക്കുന്ന കോണ്‍ കോളര്‍ ( dog cone collar) കുട്ടിയുടെ കഴുത്തില്‍ ധരിപ്പിച്ചതാണ് ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്.
ചൈനയിലെ സെന്‍ട്രല്‍ പ്രവിശ്യയായ ഷാങ്സിയിലെ സിയാനില്‍ നിന്നുള്ള വ്യക്തിയാണ് തന്റെ കൊച്ചുമകളുടെ മേല്‍ ഇത്തരത്തില്‍ ഒരു പരീക്ഷണം നടത്തിയത്. ഡിസംബര്‍ ഏഴിന് കുടുംബത്തോടൊപ്പം ഉള്ള ഒരു യാത്രക്കിടയിലാണ് അഞ്ച് വയസ്സ് കാരിയായ കൊച്ചുമകള്‍ മറ്റൊന്നും ശ്രദ്ധിക്കാതെ മൊബൈല്‍ ഗെയിമുകളില്‍ മുഴുകിയിരിക്കുന്നത് ഈ മുത്തച്ഛന്റെ ശ്രദ്ധയില്‍പ്പെട്ടത്. കുട്ടിയുടെ മൊബൈല്‍ ഉപയോഗം കുറയ്ക്കുന്നതിന് പലവിധ മാര്‍ഗങ്ങള്‍ ആലോചിച്ചപ്പോഴാണ് കാറിനുള്ളില്‍ ഒരു നായയുടെ കോണ്‍ കോളര്‍ ഇരിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. നായ്ക്കളുടെ ശരീരത്തില്‍ എന്തെങ്കിലും മുറിവുകളോ മറ്റ് സംഭവിച്ചാല്‍ അവ മുറിവുകള്‍ നക്കുന്നത് തടയാന്‍ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് ഡോഗ് കോണ്‍ കോളര്‍.
അത് നായ്ക്കള്‍ക്ക് ഉപയോഗിക്കുന്നത് അവള്‍ക്ക് അറിയാമായിരുന്നു. മാത്രമല്ല, അത് ധരിച്ച് ഫോണില്‍ നോക്കാന്‍ കഴിയില്ലെന്നും അവള്‍ക്കറിയാം. അതിനാല്‍ മുത്തച്ഛന്‍ അവളോട് പട്ടിക്കോളര്‍ ധരിക്കാന്‍ പറഞ്ഞപ്പോള്‍ മകള്‍ മടി കാണിച്ചതായി അവളുടെ അമ്മ യുവാന്‍ പറഞ്ഞത്. പക്ഷേ മകളുടെ ഫോണ്‍ ആസക്തി കുറയ്ക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളൊന്നും ഇല്ലെന്ന് തോന്നിയപ്പോള്‍ താനും പല സൂത്രങ്ങള്‍ പറഞ്ഞ് അവളെ കോളര്‍ ധരിപ്പിക്കാന്‍ പ്രേരിപ്പിച്ചെന്നും യുവാന്‍ കൂട്ടിച്ചേര്‍ത്തു. ഫോണ്‍ വേണമെന്ന് പറഞ്ഞ് വാശിപിടിച്ചു കരഞ്ഞപ്പോഴൊക്കെ മകളുടെ കഴുത്തില്‍ കോളര്‍ ധരിപ്പിച്ചു. അതോടെ കുട്ടി ഫോണ്‍ വേണമെന്ന വാശി ഉപേക്ഷിച്ചെന്നും അവളുടെ മാതാപിതാക്കളും മുത്തച്ഛനും പറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. കഴുത്തില്‍ കോളര്‍ ധരിച്ച് ഫോണ്‍ കയ്യില്‍ പിടിച്ച് അതിലേക്ക് നോക്കാന്‍ കഴിയാതെ ഇരുന്ന് കരയുന്ന കുട്ടിയുടെ വീഡിയോ ഇപ്പോള്‍ ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇത് രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കി, പലരും ‘അരുത്… അരുത്… അത് പട്ടിക്കോളറാ’ണെന്നും കുട്ടികളോട് ഇത്രയും ക്രൂരത പാടില്ലെന്നും കമന്റ് ചെയ്തു.

Related Articles

Back to top button