BREAKING NEWSKERALALATEST

പോലീസിന് നേരേ ആക്രമണം, ജീപ്പ് തകര്‍ത്തു; ഒളിവിലായിരുന്ന ഉഥഎക നേതാവ് നിധിന്‍ പുല്ലന്‍ കസ്റ്റഡിയില്‍

തൃശ്ശൂര്‍: ചാലക്കുടിയില്‍ പോലീസ് ജീപ്പ് അടിച്ചുതകര്‍ത്ത കേസില്‍ ഡി.വൈ.എഫ്.ഐ. നേതാവ് നിധിന്‍ പുല്ലന്‍ കസ്റ്റഡിയില്‍. ഒല്ലൂരിലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍കഴിയുന്നതിനിടെയാണ് നിധിന്‍ പുല്ലനെ പോലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്ത നിധിന്‍ പുല്ലനെ സി.പി.എം. പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് മോചിപ്പിക്കുകയായിരുന്നു. പിന്നാലെ ഒളിവില്‍പോയ ഇയാള്‍ക്കായി തൃശ്ശൂര്‍ സിറ്റി,റൂറല്‍ പരിധികളില്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച ഉച്ചയോടെ ഒല്ലൂരിലെ സുഹൃത്തിന്റെ വീട്ടില്‍നിന്ന് പ്രതിയെ പിടികൂടിയത്. പോലീസ് ജീപ്പ് അടിച്ചുതകര്‍ത്ത കേസില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ നിധിന്‍ പുല്ലനെ പാര്‍ട്ടി സംരക്ഷിക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു.
ചാലക്കുടി ഐ.ടി.ഐ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിലാണ് പോലീസിന് നേരേ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. പോലീസ് ജീപ്പ് അടിച്ചുതകര്‍ത്ത പ്രവര്‍ത്തകര്‍ ഇതിലെ പ്രതിയായ നിധിന്‍ പുല്ലനെ പോലീസ് കസ്റ്റഡിയില്‍നിന്ന് മോചിപ്പിച്ച് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.

അക്രമം വെള്ളിയാഴ്ച വൈകീട്ട്…

വെള്ളിയാഴ്ച വൈകീട്ട് 5.45-ഓടെയാണ് അക്രമം നടന്നത്. ഐ.ടി.ഐ. കാമ്പസിലും റോഡിലും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് രണ്ടു ദിവസം മുന്‍പ് എസ്.എഫ്.ഐ., എ.ബി.വി.പി. പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നു. പോലീസെത്തി ഇരുവരുടെയും ബോര്‍ഡുകള്‍ നീക്കംചെയ്തു. എസ്.എഫ്.ഐ.ക്കാരുടെ ബോര്‍ഡുകള്‍ നീക്കംചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ഡി.വൈ.എഫ്.ഐ.യുടെ പോലീസ്ജീപ്പ് ആക്രമണം. എസ്.എഫ്.ഐ.ക്കാരും ഇതില്‍ ചേര്‍ന്നു. പോലീസ് ജീപ്പിന്റെ ബോണറ്റില്‍ കയറി നിന്ന് ചില്ല് അടിച്ചുപൊട്ടിച്ചു.
ആക്രമണം നടന്ന് അര മണിക്കൂര്‍ കഴിഞ്ഞ് സി.പി.എം. പ്രവര്‍ത്തകര്‍ക്കൊപ്പം നിധിന്‍ പുല്ലന്‍ നടന്നുപോയപ്പോള്‍ കാത്തുനിന്ന പോലീസ്സംഘം പിടികൂടാന്‍ ശ്രമിച്ചു. സി.പി.എം. ഏരിയ സെക്രട്ടറി കെ.എസ്. അശോകന്‍, പ്രവര്‍ത്തകനായ ഗോപി (60), ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ അശ്വിന്‍ (22), സാംസണ്‍ (22) ഉള്‍പ്പെടെയുള്ളവര്‍ ഇത് തടഞ്ഞു. ബലപ്രയോഗത്തിലൂടെ നിധിനെ കൊണ്ടുപോകാന്‍ പോലീസ് ശ്രമിച്ചെങ്കിലും നടക്കാതായപ്പോള്‍ ലാത്തി വീശി. നിധിന്‍ പുല്ലനെ പിടികൂടി റോഡിലൂടെ വലിച്ചുകൊണ്ടുപോയി ജീപ്പിട്ടിരുന്ന സ്ഥലത്തേക്കെത്തിയപ്പോഴേക്കും പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് നിധിനെ മോചിപ്പിച്ചുകൊണ്ടുപോയി.
രാത്രി എട്ടരയോടെ സ്ഥലത്ത് വീണ്ടും സംഘര്‍ഷമുണ്ടായി. പ്രതികളെ തിരക്കിയിറങ്ങിയ പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെ എത്തിയ സി.പി.എം., ഡിവൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ സ്ഥലത്തുണ്ടായിരുന്ന ഡിവൈ.എസ്.പി. ടി.എസ്. സിനോജ്, എസ്.എച്ച്.ഒ. കെ.എസ്. സന്ദീപ് എന്നിവര്‍ക്കുനേരെ തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു. പോലീസിനുനേരെ ആക്രമണമുണ്ടാകുമെന്ന തരത്തിലായി കാര്യങ്ങള്‍. തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. അനേകംപേര്‍ക്ക് പരിക്കുണ്ട്. ജീപ്പ് തകര്‍ത്തതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ. ചാലക്കുടി മേഖലാസെക്രട്ടറി ജിയോ കൈതാരന്‍ ഉള്‍പ്പെടെ പത്തോളംപേരെ രാത്രി വൈകി പോലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button