KERALALATEST

രാഷ്ട്ര പുനര്‍നിര്‍മാണ്ണത്തിന് യുവജനങ്ങള്‍ സിറോയിസ്റ്റുകളാകണം.- ഷാജില്‍ അന്ത്രു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ പോളിടെക്നിക്ക് കോളേജിലെ എന്‍ എന്‍ എസ് യൂണിറ്റിന്റെ വാര്‍ഷിക സപ്ത ദിന ക്യാമ്പ് ആഗ്‌നേയ ഗവ എച്ച്. എസ് .എസ് , കൊടുവഴന്നൂരില്‍ പ്രിന്‍സിപ്പല്‍ ഷാജില്‍ അന്ത്രു ഉല്‍ഘാടനം ചെയ്തു.
രാഷ്ട്രനിര്‍മ്മാണത്തിന്റെ പ്രധാനശില്പികള്‍ നാളത്തെ തലമുറയാണ്. നാളെത്തെ തലമുറ ഇന്നത്തെ വിദ്യാര്‍ത്ഥികളാണ്. അവര്‍ സീറോയിസ്റ്റുകളാകണം എന്ന് ,സീറോയിസം എന്ന ദര്‍ശനത്തിന്റെ ഉപഞ്ജാതാവായ അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരാള്‍ ജനിക്കുമ്പോള്‍ ഏത് സമൂഹത്തിലായിരിക്കണം, ഏത് സാമ്പത്തിക ചുറ്റുപാടുകളായിരിക്കണം എന്നൊന്നും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ല എന്നത് മനസിലാക്കണം. അതിന് ഒരു അവസരവുമില്ല. അത് കൊണ്ട് തന്നെ നിറത്തിന്റെ, മതത്തിന്റെ, ലിംഗഭേദത്തിന്റെ, ജാതിയുടെ, തൊഴിലിന്റെ, പ്രദേശത്തിന്റെ, ഭാഷയുടെ,സാമ്പത്തികസ്ഥിതിയുടെ പേരില്‍ ഒരു വിവേചനവും ഉണ്ടാകരുത്. മനുഷ്യന്‍ ഒന്നാണെന്നും, എല്ലാ പേര്‍ക്കും, വ്യത്യസ്തത നിലനിര്‍ത്തി ജീവിക്കാനുള്ള അവകാശം തുല്യമായിരിക്കണമെന്ന ചിന്തയുണ്ടാകണം.
ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, അയാള്‍ ജനിക്കുന്നതുവരെ അന്ധകാരത്തിലായിരുന്നു. മരിക്കുന്ന നിമിഷത്തില്‍ അവന്‍ വെളിച്ചത്തില്‍ നിന്ന് അന്ധകാരത്തിലേക്ക് പോകുന്നു.പണ്ടു മുതല്‍ , സൂര്യന്‍ കിഴക്ക് ഉദിക്കുന്നുവെന്നും സൂര്യന്‍ പടിഞ്ഞാറ് അസ്തമിക്കുന്നുവെന്നും നമ്മള്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ശാസ്ത്രം തെളിയിച്ചു. സൂര്യന്‍ നിശ്ചലമാണ്; നിശ്ചിത ഇടവേളകള്‍ക്ക് ശേഷം സൂര്യനെ തേടി നമ്മള്‍ മനുഷ്യര്‍ ഭൂഗോളവുമായി കറങ്ങുന്നു.ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, അവന്‍ നിഷ്‌കളങ്കത പ്രകടിപ്പിക്കുന്ന അവസ്ഥ ശൈശവാവസ്ഥയാണ്. അപ്പോള്‍ ആ കുട്ടിക്ക് ലോകമെല്ലാം ഒന്നാണ്. അവന് ആരോടും ഒരുതരത്തിലുമുള്ള വിവേചനം കാണിക്കില്ല.ആ കുട്ടിക്ക് ആ അവസ്ഥയില്‍ ജാതിയില്ല, മതമില്ല, നിറമില്ല, ആണ്‍ -പെണ്‍ വ്യത്യാസം ഇല്ല . പക്ഷെ കാലം കഴിയുമ്പോള്‍, വ്യക്തി വളരുമ്പോള്‍, ഇവയൊക്കെ കടന്ന് വരുന്നു.
ഈ നിഷ്‌കളങ്കത തിരിച്ചു പിടിക്കുക എന്നതാണ് ഇന്നത്തെ ആവശ്യം.
അത് വിദ്യാഭ്യാസ കാലയളവിലാണ് തുടങ്ങേണ്ടത് .
ദ്വന്ദമുഖമുള്ള വ്യക്തികള്‍ സമൂഹത്തിന്റെ രക്ഷകരായി അവതരിക്കുന്ന ഒരു കാലഘട്ടം! മറുഭാഗത്ത് അസ്ഥിരതയും അസ്വസ്ഥതയും ഉള്ളിലൊതുക്കി ജീവിക്കുന്ന ഒരു സമൂഹം. ആദ്യവിഭാഗക്കാര്‍ക്ക് രണ്ടാം വിഭാഗക്കാരെ നന്നായി ചൂഷണം ചെയ്യാവുന്ന വളക്കൂറുള്ള പരിതസ്ഥിതിയും. കുറേക്കാലമായി ആദ്യവിഭാഗക്കാര്‍ മാത്രം ജയിച്ചുപോരുന്നത്, സ്വയം പരാജിതരുടെയും നിസഹായരുടെയും സംഖ്യ വല്ലാതെ കൂട്ടിയിട്ടുണ്ട്.
അഭ്യസ്തവിദ്യരിലാണ് ഈ ദുഷ്പ്രവണത കൂടിയിരിക്കുന്നത് എന്നതു വളരെ ശ്രദ്ധേയമാണ്. അതുകൊണാണു നമ്മള്‍ ഉന്നതവിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ പങ്കിനെക്കുറിച്ചും നമ്മുടെ വിദ്യാഭ്യാസരീതിയെക്കുറിച്ചും അന്വേഷിക്കേണ്ടത്. അധ്യാപകര്‍ നീതിബോധവും ന്യായവും വിട്ട് അവരവരുടെ അനര്‍ഹനേട്ടങ്ങളില്‍ അഭിരമിക്കുമ്പോള്‍ വിദ്യാര്‍ഥികളെ പാഠ്യവിഷയത്തോടൊപ്പം നീതിബോധത്തോടെ നല്ല പൗരനാക്കി വളര്‍ത്തിയെടുക്കാന്‍ കഴിയാതെ വരും. അടുത്തകാലത്തുണ്ടായ പല ക്രിമിനല്‍ സംഭവങ്ങളിലും ഉള്‍പ്പെട്ടിരുന്നത് പഠിപ്പും വിദ്യാഭ്യാസവുമുള്ള ആളുകളായിരുന്നു എന്നത് ഈ പ്രശ്‌നത്തെ കൂടുതല്‍ ഗൗരവതരമാക്കുന്നു. ഇത്തരത്തില്‍ ദ്വന്ദമുഖമുള്ള വ്യക്തികളാണ്, ”എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാറ്റിലും വലുത് പണമാണ്” എന്ന ആത്മഹത്യാക്കുറിപ്പിലെ വാക്യത്തെ യാഥാര്‍ഥ്യമായി ഉള്‍ക്കൊണ്ട സമൂഹത്തെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
മികച്ച പൗരന്മാരെ, നല്ല മനുഷ്യരെ, എല്ലാ പ്രതിസന്ധികളെയും നേരിടാന്‍ പ്രാപ്തരായ ഒരു പുതുതലമുറയെയാണു നമ്മള്‍ വാര്‍ത്തെടുക്കേണ്ടത്. വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം അതാകണം.
നാലു മുതല്‍ പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്കു നാം വളരെ കരുതലോടെയാണു വിദ്യാഭ്യാസം നല്‍കേണ്ടത്. അവര്‍ക്ക് പരിശീലനം കൊടുക്കേണ്ട അധ്യാപകര്‍ക്കു പ്രത്യേക അധ്യാപന പരിശീലനം ആവശ്യമാണ്. കുട്ടികളുടെ മനഃശാസ്ത്രം, സ്വഭാവ പ്രത്യേകതകള്‍, അഭിരുചി, പ്രശോഭിക്കാന്‍ സാധ്യതയുള്ള മേഖല, ശക്തി, ദൗര്‍ബല്യം ഇവയൊക്കെ മനസിലാക്കാന്‍ കഴിയണം. അവരെ നല്ല പൗരന്മാരാക്കുന്നതിന് അവരില്‍ ഇഴുകിച്ചേര്‍ക്കേണ്ട കാര്യങ്ങള്‍ അവരറിയാതെതന്നെ നല്‍കാനും അവരുടെ വിവിധങ്ങളായ കഴിവുകള്‍ മനസിലാക്കികൊടുത്ത് അവരെ ആ മേഖലകളിലേക്കു കൊണ്ടുവരാനും കഴിയണം. അതുപോലെ അവരുടെ ദൗര്‍ബല്യങ്ങള്‍ ചെറുപ്രായത്തില്‍ത്തന്നെ പരിഹരിച്ചും അവ അവരില്‍നിന്ന് ഇല്ലായ്മ ചെയ്ത് മാനവികതയുടെ പ്രതിരൂപങ്ങളാക്കാന്‍ കഴിവും പഠിപ്പും വിദ്യാഭ്യാസവുമുള്ള അധ്യാപകരെയാണ് ഈ പ്രായത്തില്‍ കുട്ടികള്‍ക്ക് ആവശ്യം. ഇവ വെല്ലുവിളി നിറഞ്ഞ ഒരു കര്‍ത്തവ്യമാണ്. ഇത്തരം അധ്യാപകര്‍ക്കു വേണ്ട നൈപുണ്യം വളരെ പ്രധാനവുമാണ്.
ഏറ്റവും ചെറിയ ക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകനാണു മികച്ച നിലവാരം വേണ്ടതും കൂടുതല്‍ ശമ്പളം നല്‍കേണ്ടതും. കാരണം, ആ അധ്യാപകരില്‍നിന്നാണു കുട്ടി സ്വന്തം പ്രതിഭയും കഴിവും മാനവികതയും ജീവനോപാധികള്‍ക്ക് അവശ്യം വേണ്ടുന്ന ഭാഷ, കണക്ക്, ചരിത്രം, ശാസ്ത്രം, അറിവ് എന്നിവ സമ്പാദിക്കാനുള്ള ആധുനിക വിഭവം കണ്ടെത്തല്‍ ടൂള്‍സ് മനസിലാക്കേണ്ടതും.
അതോടൊപ്പം തന്നെ നമ്മുടെ കുട്ടികള്‍ സമൂഹത്തെ അടുത്തറിയണം. സാമൂഹ്യാവശ്യങ്ങള്‍ തിരിച്ചറിയണം.
അതിനൊക്കെ ആണ് , ഈ ക്യാമ്പ്. സന്നദ്ധപ്രവര്‍ത്തനം, മറ്റൊരു തരത്തില്‍ ഉള്ള വിദ്യാഭ്യാസ പ്രക്രിയയാണ്.

ആ വിദ്യാഭ്യാസം വിജയിക്കുമ്പോള്‍, നിറത്തിന്റെ, മതത്തിന്റെ, ലിംഗഭേദത്തിന്റെ, ജാതിയുടെ, തൊഴിലിന്റെ, പ്രദേശത്തിന്റെ, ഭാഷയുടെ,സാമ്പത്തികസ്ഥിതിയുടെ പേരില്‍ ഒരു വിവേചനവും ഉണ്ടാകില്ല . മനുഷ്യന്‍ ഒന്നാണെന്നും, എല്ലാ പേര്‍ക്കും, വ്യത്യസ്തത നിലനിര്‍ത്തി ജീവിക്കാനുള്ള അവകാശം തുല്യമായിരിക്കണമെന്ന ചിന്തയുണ്ടാകും.
ചടങ്ങില്‍ , ആരോമല്‍ എസ് ആര്‍ , സജിത്കുമാര്‍, സുജി പ്രസാദ്, സുരേഷ് എന്‍, അഭിഷേക്, ആയുഷ് എസ് എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button