BREAKING NEWSWORLD

ചെങ്കടല്‍പ്പോര്: ഹൂതികളുടെ മൂന്ന് ബോട്ടുകള്‍ യു.എസ്. മുക്കി, 10 പേര്‍ മരിച്ചെന്ന് യെമെന്‍

വാഷിങ്ടണ്‍: യെമെനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതിവിമതരുടെ മൂന്ന് ബോട്ടുകള്‍ യു.എസ്. നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കടലില്‍ മുക്കി. ഇതിലുണ്ടായിരുന്ന പത്തുപേര്‍ മരിച്ചെന്നും രണ്ടുപേര്‍ക്ക് പരിക്കേറ്റെന്നും യെമെന്‍ അധികൃതര്‍ പറഞ്ഞു. ചെങ്കടലിലൂടെ പോയ ചരക്കുകപ്പല്‍ ആക്രമിച്ചതിനെത്തുടര്‍ന്നാണ് ഹൂതികളുടെ ബോട്ടുകളെ ലക്ഷ്യമിട്ടതെന്ന് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്കോം) ഞായറാഴ്ച പ്രസ്താവനയില്‍ അറിയിച്ചു.
ഡെന്മാര്‍ക്കിന്റെ ഉടമസ്ഥതയിലുള്ള, സിങ്കപ്പൂര്‍ പതാകനാട്ടിയ ‘മാര്‍സ്‌ക് ഹാങ്ഷു’ എന്ന ചരക്കുകപ്പലില്‍നിന്ന് സഹായാഭ്യര്‍ഥന എത്തിയതിനെത്തുടര്‍ന്നാണ് യു.എസ്. നാവികസേന ഇടപെട്ടത്. യു.എസ്. ഹെലികോപ്റ്ററുകള്‍ക്കുനേരേയും ഹൂതികള്‍ മിസൈലയച്ചു. ഇതേത്തുടര്‍ന്നുള്ള പ്രത്യാക്രമണത്തിലാണ് ഹൂതികളുടെ മൂന്ന് ബോട്ടുകള്‍ മുക്കിയതെന്ന് സെന്റ്‌കോം പറഞ്ഞു. കപ്പലിന്റെ 20 മീറ്റര്‍ പരിധിയില്‍വന്ന നാലുബോട്ടുകളെയാണ് ആക്രമിച്ചതെങ്കിലും അവയിലൊരെണ്ണം കടന്നുകളഞ്ഞു.
മാര്‍സ്‌ക് ഹാങ്ഷൂ കപ്പലിനുനേരേ 24 മണിക്കൂറിനിടെ രണ്ടുതവണ ഹൂതികളുടെ ആക്രമണമുണ്ടായെന്ന് സെന്റ്‌കോം പറഞ്ഞു. ഹൂതികള്‍ മുമ്പും ഈ കപ്പലിനെ ലക്ഷ്യംവെച്ചിരുന്നു. അന്നയച്ച രണ്ടു കപ്പല്‍വേധ മിസൈലുകള്‍ യു.എസ്. നാവികസേന വെടിവെച്ചിട്ടു. രണ്ടുമിസൈലുകളും യെമെനിലെ ഹൂതി നിയന്ത്രണമേഖലയില്‍നിന്നായിരുന്നു വന്നതെന്ന് യു.എസ്. പറഞ്ഞു.
ഗാസയിലെ ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ പലസ്തീന് പിന്തുണപ്രഖ്യാപിച്ചാണ് ലോകത്തെ പ്രധാന വാണിജ്യപാതകളിലൊന്നായ ചെങ്കടലിലൂടെ പോകുന്ന കപ്പലുകള്‍ ഹൂതികള്‍ ആക്രമിക്കുന്നത്. ആക്രമണം നേരിടാന്‍ ‘ഓപ്പറേഷന്‍ പ്രോസ്പിരിറ്റി ഗാര്‍ഡിയന്‍’ എന്നപേരില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നാവികസഖ്യം ചെങ്കടലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Related Articles

Back to top button