BREAKING NEWSKERALALATEST

ലീഡ് കിട്ടി, അന്വേഷണം നിലച്ചത് കോവിഡ് കാലത്ത്; ജസ്‌ന മരീചികയല്ല, എന്നെങ്കിലും കണ്ടെത്തും- തച്ചങ്കരി

തിരുവനന്തപുരം: ജസ്‌ന തിരോധാനക്കേസില്‍ സി.ബി.ഐയുടെ ക്ലോഷര്‍ റിപ്പോര്‍ട്ട് സാങ്കേതികത്വം മാത്രമെന്ന് മുന്‍ ഡി.ജി.പി. ടോമിന്‍ ജെ തച്ചങ്കരി. അന്വേഷണ സമയത്ത് ലീഡുകള്‍ കിട്ടിയിരുന്നുവെന്നും കോവിഡ് കാലത്ത് അന്വേഷണം നിലക്കുകയായിരുന്നുവെന്നും തച്ചങ്കരി പറഞ്ഞു.
‘അന്വേഷിച്ച സമയത്ത് കേസ് ഡയറി പരിശോധിച്ചപ്പോള്‍ ജസ്‌നയെ അവസാനം കണ്ട സമയം, സ്ഥലം, പോയത് എങ്ങനെയാണ്, എങ്ങോട്ടേക്കാണ് തുടങ്ങിയ കാര്യങ്ങളില്‍ വ്യത്യസ്തമായ ഒരു ലീഡ് കിട്ടി. അതുവെച്ച് അന്വേഷണം തുടര്‍ന്നു. കൈയെത്തും ദൂരത്ത് ജസ്‌ന എത്തി എന്നുവരെ കരുതിയ സമയമുണ്ടായിരുന്നു. അപ്പോഴാണ് കോവിഡ് വരുന്നത്. പോകേണ്ടിയിരുന്നത് കുമളി, തേനി വഴി തമിഴ്‌നാട്ടിലേക്കായിരുന്നു. എന്നാല്‍ പിന്നീട് ഒന്നരവര്‍ഷക്കാലത്തോളം കേരളം അടഞ്ഞു കിടന്നു. ഈ സമയത്ത് കുടുംബം കോടതിയില്‍ പോവുകയും കേസ് സി.ബി.ഐയ്ക്ക് വിടുകയുമായിരുന്നു. കണ്ണികളായി അന്വേഷിച്ചു പോയ സമയത്ത് കേസ് തെളിയിക്കുമെന്നായിരുന്നു എല്ലാവരും വിചാരിച്ചത്’- തച്ചങ്കരി പറഞ്ഞു.
‘സി.ബി.ഐ.യെ കുറ്റം പറയാനാകില്ല. ജസ്‌ന ഒരു മരീചികയല്ല. ഈ പ്രപഞ്ചത്തില്‍ ജീവിച്ചിരിക്കുകയോ മരിച്ചിരിക്കുകയോ ഉണ്ടെങ്കില്‍ ജസ്‌നയെ സി.ബി.ഐ. കണ്ടെത്തും. രാജ്യത്ത് ഏറ്റവും മികച്ച ഏജന്‍സിയാണ് സി.ബി.ഐ. കേസ് അവസാനിപ്പിച്ചത് സാങ്കേതികത്വമാണ്. ഒരു കേസ് വളരെ നാളുകളോളം അന്വേഷിക്കുമ്പോള്‍ കൃത്യമായ ലീഡില്ലെങ്കില്‍ താത്ക്കാലികമായി ക്ലോഷര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ കൊടുക്കും. എന്നെങ്കിലും ഒരു സൂചന ലഭിക്കുകയാണെങ്കില്‍ സി.ബി.ഐയ്ക്ക് അന്വേഷിക്കാന്‍ സാധിക്കും. നിരാശരാകേണ്ട കാര്യമില്ല. കേസ് പൂര്‍ണമായും അടഞ്ഞു എന്ന് കരുതേണ്ടതില്ല. സിബിഐയില്‍ പൂര്‍ണവിശ്വാസം ഉണ്ട്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ മതപരിവര്‍ത്തനം നടന്നു എന്ന് പറഞ്ഞാല്‍ അതിനുള്ള തെളിവ് കൊടുക്കണം. തെളിവില്ലാത്തത് കൊണ്ട് മതപരിവര്‍ത്തനം നടന്നോ ഇല്ലയോ എന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button