BREAKING NEWSKERALA

വ്യാജ സര്‍ട്ടിഫിക്കറ്റ്; അന്‍സില്‍ ജലീലിനെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ്

തിരുവനന്തപുരം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ കെഎസ്യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിന് ക്ലീന്‍ ചിറ്റ്. പരാതിയില്‍ കഴമ്പില്ലെന്ന് കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തിരുവനന്തപുരം ജെഎഫ്‌സിഎം കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. അന്‍സില്‍ ജലീലിനെതിരെയുള്ള ദേശാഭിമാനി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേരള സര്‍വകാലശാലയ്ക്ക് പരാതി കിട്ടിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്‍സിലിനെതിരെയുള്ള പൊലീസ് അന്വേഷണം.
പരാതിയുമായി ബന്ധപ്പെട്ട് അന്‍സില്‍ ജലീലിനെ നിരവധി തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. എസ്എസ്എല്‍സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. പ്രചരിക്കുന്ന ബിരുദ സര്‍ട്ടിഫിക്കറ്റ് താന്‍ നിര്‍മിച്ചതല്ലെന്നാണ് അന്‍സില്‍ ജലീല്‍ നല്‍കിയ മൊഴി. തിരുവനന്തപുരം കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് അന്‍സിലിന്റെ ഇക്കാര്യം പറഞ്ഞത്.
കായംകുളത്തെ മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിനൊപ്പമാണ് അന്‍സില്‍ ജലീലിന്റെ സര്‍ട്ടിഫിക്കറ്റ് വിവാദം ചര്‍ച്ചയായത്. ദേശാഭിമാനി വാര്‍ത്തയോടെ എസ്എഫ്‌ഐ വിവാദം ശക്തമായി ഉന്നയിക്കുകയായിരുന്നു. തുടര്‍ന്ന് സെനറ്റ് അംഗം അജിന്ത് സര്‍വ്വകലാശാലക്ക് പരാതി നല്‍കുകയായിരുന്നു. അന്‍സിലിന്റെ പേരിലുള്ള സര്‍ട്ടിഫിക്കറ്റില്‍ സര്‍വകലാശാലയുടെ സീലും എംബ്ലവും വിസിയുടെ ഒപ്പും വ്യാജമെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ആലപ്പുഴ എസ്ഡി കോളേജില്‍ 2014-17 കാലത്ത് താന്‍ ബിഎക്കാണ് പഠിച്ചതെന്നാണ് അന്‍സില്‍ ജലീലിന്റെ വാദം. ദേശാഭിമാനി വാര്‍ത്ത വന്നതിന് പിന്നാലെ ഇതേക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതിയും ദേശാഭിമാനിക്കെതിരെ വക്കീല്‍ നോട്ടീസും അയച്ചിരുന്നു. അന്‍സിലിന്റെ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കെഎസ്യുവിലെ ഗ്രൂപ്പ് പോരാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

Related Articles

Back to top button