BREAKING NEWSKERALA

സ്തുതിഗീതം പാടുന്നവര്‍ എം.ടിയെ കേള്‍ക്കണമെന്ന് വിമര്‍ശനം; പ്രതിരോധം തീര്‍ക്കാന്‍ സിപിഎം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിലിരിക്കെ എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനം ഏറ്റെടുത്ത് പ്രതിപക്ഷനേതാക്കളും സാംസ്‌കാരികനായകരും. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഏതിരേയാണ് എം.ടിയുടെ വിമര്‍ശനമെന്ന് പ്രതിപക്ഷമടക്കം ഊന്നിപ്പറയുമ്പോഴും എം.ടിയുടെ പരാമര്‍ശം കേന്ദ്ര സര്‍ക്കാരിനെതിരെയാണെന്ന മറുപടിയില്‍ പ്രതിരോധം തീര്‍ക്കുകയാണ് സി.പി.എം. സര്‍ക്കാരിനെതിരേ ഉയരുന്ന വിഷയങ്ങളില്‍ പ്രതിരോധം തീര്‍ക്കുന്ന പല ഇടതുപക്ഷ പ്രൊഫൈലുകളും എം.ടി. വിഷയത്തില്‍ മൗനം തുടരുകയാണ്.
എം.ടി. വാസുദേവന്‍ നായരുടെ പ്രസംഗം മോദിക്കെതിരേയാണെന്ന എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പ്രതികരണമാണ് സിപിഎമ്മില്‍നിന്ന് ആദ്യമുണ്ടായ ഔദ്യോഗിക പ്രതികരണം. കേന്ദ്രസര്‍ക്കാരിനെതിരേയുള്ള കുന്തമുനയാണ് എം.ടി.യുടെ പ്രസംഗമെന്നും ഇടത് വിരുദ്ധതയുള്ളവര്‍ അത് സി.പി.എമ്മിന് എതിരേയാണെന്ന് പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എം.ടി.യുടെ പ്രസംഗം മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പിന്നീട് മന്ത്രി സജി ചെറിയാനും രംഗത്തെത്തി. പിണറായിയെ ഉദ്ദേശിച്ചല്ല വിമര്‍ശനമെന്ന് എം.ടി.തന്നെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം. അത്തരത്തില്‍ ഉദ്ദേശിക്കേണ്ട കാര്യവും എം.ടിയ്ക്ക് ഇല്ല. കേരളത്തിന്റെ മഖ്യമന്ത്രി പിണറായി വിജയന്‍ ജനനേതാവാണ്. എം.ടി. പ്രസംഗത്തില്‍ ഒരു പരാമര്‍ശം നടത്തി. അത് ആരെപ്പറ്റിയായി വേണമെങ്കിലും ആര്‍ക്കുവേണമെങ്കിലും എടുക്കാം. ഇഎംസും അങ്ങനെ ആയിരുന്നില്ല, പിണറായി വിജയനും അങ്ങനെ ആയിരുന്നില്ലെന്നായിരുന്നു സജിചെറിയാന്റെ പ്രതികരണം.
എന്നാല്‍, എം.ടിയുടെ വിമര്‍ശനങ്ങള്‍ കൃത്യവും വ്യക്തവും ആയിരുന്നെന്നും അത് മുഖ്യമന്ത്രിക്കും സര്‍ക്കാരിനെതിരേയുമാണെന്നും വ്യക്തമാക്കിക്കൊണ്ട് എഴുത്തുകാരന്‍ എന്‍.ഇ. സുധീര്‍ ഫേസ്ബുക്കില്‍ രംഗത്തെത്തി. വിമര്‍ശിക്കുകയായിരുന്നില്ലെന്നും ചില യാഥാര്‍ഥ്യങ്ങളാണ് പറഞ്ഞതെന്നും എം.ടി. തന്നോട് പറഞ്ഞതായി എന്‍.ഇ. സുധീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിമര്‍ശനം ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലതെന്ന് എം.ടി. വ്യക്തമാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു.
എം.ടി. പറഞ്ഞത് മൂര്‍ച്ചയേറിയ വാക്കുകളാണെന്നും ഒരു കാരണവശാലും അത് ബധിര കര്‍ണത്തില്‍ പതിക്കരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം. സര്‍ക്കാരിന് സ്തുതി ഗീതം പാടുന്നവര്‍ അത് കേള്‍ക്കണം. പ്രതിഷേധിക്കാനുള്ള അവകാശം അടിച്ചമര്‍ത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുമ്പോള്‍ എം.ടിയെ പോലെ ഒരാള്‍ പ്രതികരിച്ചതില്‍ സന്തോഷം. അതിനെ വഴിതിരിച്ചുവിടാനല്ല നോക്കേണ്ടത്. വഴിതിരിച്ചുവിട്ടാല്‍ രാജ്യം അപകടത്തിലേക്ക് പോകും. സമകാലിക രാഷ്ട്രീയ സാഹചര്യമാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചതെന്ന് വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതികരിക്കാന്‍ മറന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുള്ള വഴിവിളക്കാണ് അദ്ദേഹം കത്തിച്ചുവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.ടി. ഉദ്ദേശിച്ചത് കേരളത്തെക്കുറിച്ച് തന്നെയാണെന്നായിരുന്നു കെ. മുരളീധരന്‍ എം.പിയുടെ പ്രതികരണം. മുഖ്യമന്ത്രി പിണറായിയെ ആണ് വിമര്‍ശിച്ചത്. വായിക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും കാര്യം മനസ്സിലാകും. പറഞ്ഞത് ഇ.പി. ജയരാജന് മനസ്സിലാകാഞ്ഞിട്ടല്ല. കാര്യം പറഞ്ഞാല്‍ പണി പോകുമെന്ന് പേടിയാണ് ഇ.പിയ്ക്ക്. എം.ടി. പറഞ്ഞത് മോദിക്കും പിണറായിക്കും ബാധകമാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.
എം.ടിയുടെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും കലാസാംസ്‌കാരിക രംഗത്തുള്ളവരും രംഗത്തെത്തി. എം.ടിയുടേത് അധികാരത്തെപ്പറ്റിയുള്ള പൊതുവായ അഭിപ്രായമാണെന്നായിരുന്നു കവി കെ. സച്ചിദാനന്ദന്റെ പ്രതികരണം. വ്യാഖ്യാനങ്ങള്‍ പലതുണ്ടെന്നും ബാക്കിയെല്ലാം വിവക്ഷകളാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ഒരാളെയോ സന്ദര്‍ഭത്തെയോ എം.ടി. ചൂണ്ടിപ്പറഞ്ഞിട്ടില്ല. കേരള സാഹചര്യത്തെക്കുറിച്ചാണെന്നോ അല്ലെന്നോ പറയാനാകില്ല. ദാര്‍ശനിക പ്രസ്താവന എന്ന നിലയ്ക്ക് എം.ടി. പറഞ്ഞത് ശരിയാണ്. അതൊരു വ്യക്തിയുമായി ബന്ധപ്പെട്ടതെന്ന് പറയാനാകില്ല. കേന്ദ്ര സാഹചര്യത്തെ പറ്റിയെന്നും വ്യാഖ്യാനിക്കാം. മുഖസ്തുതി കമ്മ്യൂണിസത്തിന്റെ പാരമ്പര്യത്തിന് യോജിച്ചതല്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
എം.ടി. വാസുദേവന്‍ നായര്‍ നടത്തിയത് രാജ്യത്ത് രൂപപ്പെട്ടുവരുന്ന അമിതാധികാരത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണെന്നും മുഖ്യമന്ത്രിയെക്കുറിച്ചല്ലെന്നും സിപിഎം സഹയാത്രികനും എഴുത്തുകാരനുമായ അശോകന്‍ ചരുവില്‍ രംഗത്തെത്തി. എം.ടിയുടെ വിമര്‍ശനം മുഖ്യമന്ത്രിക്കെതിരെയെന്ന് വ്യാഖ്യാനിക്കാന്‍ നികൃഷ്ട മാധ്യമശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു.
മലയാളത്തില്‍ നട്ടെല്ലുള്ള ഒരു എഴുത്തുകാരന്‍ ഉണ്ടെങ്കില്‍ അത് എം.ടിയാണെന്ന് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എം.ടി. ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പിക്കൊണ്ടിരിക്കുന്നുവെന്ന് നടന്‍ ഹരീഷ് പേരടിയും ഫേയ്‌സ്ബുക്കില്‍ കുറിച്ചു. എം.ടി. ജീവിക്കുന്ന കാലത്ത് ജീവിക്കാന്‍ പറ്റിയതാണ് നമ്മുടെ രാഷ്ട്രീയ സംസ്‌കാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button