BREAKING NEWSKERALALATESTNEWS

ഹരിവരാസന പുരസ്‌കാര സമര്‍പ്പണം നാളെ ഒന്‍പതിന്; ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

ശബരിമല: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാര സമര്‍പ്പണം നാളെ രാവിലെ ഒന്‍പതിന് സന്നിധാനത്ത് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തമിഴ് പിന്നണി ഗായകന്‍ പി.കെ. വീരമണിദാസനാണ് ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരത്തിന് അര്‍ഹനായത്.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. തമിഴ്, തെലുങ്ക്, കന്നട, സംസ്‌കൃതം എന്നീ ഭാഷകളിലായി ഏകദേശം 6,000 ഭക്തി ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്. കല്ലും മുള്ളും കാലുക്ക് മെത്തെ, മണികണ്ഠ സ്വാമി, ശബരിമല ജ്യോതിമല തുടങ്ങിയ ഗാനങ്ങള്‍ അതില്‍ എടുത്തു പറയേണ്ടവയാണ്.

ദേവസ്വം സ്‌പെഷ്യല്‍ സെക്രട്ടറി എം.ജി രാജമാണിക്യം, ദേവസ്വം കമ്മീഷണര്‍ സി.എന്‍ രാമന്‍, റിട്ടയേഡ് പ്രൊഫസര്‍ പാല്‍ക്കുളങ്ങര കെ. അംബികാദേവി എന്നിവരടങ്ങുന്ന പാനലാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.

പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പ്രമോദ് നാരായണന്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും. എം.എല്‍.എമാരായ കെ.യു ജനീഷ് കുമാര്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, ദേവസ്വം വകുപ്പ് സെക്രട്ടറി എം.ജി രാജമാണിക്യം, ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഹൈ പവര്‍ കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് (റിട്ടയേഡ്) എസ്. സിരി ജഗന്‍, തിരുവിതാംകൂര്‍- കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് (റിട്ടയേഡ്) പി.ആര്‍ രാമന്‍, ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Related Articles

Back to top button