BREAKING NEWSKERALALATESTNEWS

ഹരിവരാസനം പുരസ്‌കാരം പി.കെ വീരമണിദാസന് സമ്മാനിച്ചു

ശബരിമല: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം പി.കെ. വീരമണിദാസന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ സമ്മാനിച്ചു. പതിറ്റാണ്ടുകളായി ഭക്തിഗാന രംഗത്തും അയ്യപ്പഭക്തിഗാന മേഖലയിലും നല്‍കിവരുന്ന സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കിയത്.

എല്ലാം അയ്യപ്പ ഭഗവാന്റെ നിയോഗമാണെന്ന് ഹരിവരാസന പുരസ്‌കാര ജേതാവ് പി.കെ. വീരമണിദാസന്‍ പറഞ്ഞു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനില്‍ നിന്ന് പുരസ്‌കാരം ഏറ്റു വാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി സംഗീതരംഗത്ത് പ്രവര്‍ത്തിക്കുന്ന തനിക്ക് ലഭിക്കുന്ന ആദ്യത്തെ അവാര്‍ഡാണിത്. ഏറെ സന്തോഷവും അഭിമാനവും ആണ് ഈ നിമിഷമുള്ളത്.

സംഗീതം ഒരു കൂട്ടായ സൃഷ്ടിയാണ്. ഗാനരചയിതാവും സംഗീതസംവിധായകനും ഓര്‍ക്കസ്ട്രയും ഗായകരും ഒത്തുചേരുമ്പോഴാണ് മികച്ച സംഗീത സൃഷ്ടികള്‍ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. പരശുരാമ ഭൂമിയിതില്‍ ജനനം എന്ന അയ്യപ്പഭക്തിഗാനം ആലപിച്ച ശേഷമാണ് അദ്ദേഹം വേദി വിട്ടത്.

തമിഴ്, തെലുങ്ക്, കന്നട, സംസ്‌കൃതം എന്നീ ഭാഷകളിലായി ഏകദേശം 6,000 ഭക്തി ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്. കല്ലും മുള്ളും കാലുക്ക് മെത്തെ, മണികണ്ഠ സ്വാമി, ശബരിമല ജ്യോതിമല തുടങ്ങിയ ആല്‍ബങ്ങളും ഗാനങ്ങളും അതില്‍ എടുത്തു പറയേണ്ടവയാണ്.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് ഹരിവരാസനം അവാര്‍ഡ്. ദേവസ്വം സ്‌പെഷ്യല്‍ സെക്രട്ടറി എം.ജി രാജമാണിക്യം, ദേവസ്വം കമ്മീഷ്ണര്‍ സി.എന്‍ രാമന്‍, റിട്ടയേഡ് പ്രൊഫസര്‍ പാല്‍ക്കുളങ്ങര കെ. അംബികാദേവി എന്നിവരടങ്ങുന്ന പാനലാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.

ചടങ്ങില്‍, അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ കുര്യാക്കോസ് മണിയാട്ടുകുടി ഒരുക്കിയ അയ്യന്‍ വാഴും പൂമല എന്ന ഭക്തിഗാന ആല്‍ബം മന്ത്രി പുറത്തിറക്കി. സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രമോദ് നാരായണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

Related Articles

Back to top button