BREAKING NEWSKERALALATESTNEWS

അപൂര്‍വ രോഗമായ ലൈസോസോമല്‍ സ്റ്റോറേജിന് ചികിത്സയുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ലൈസോസോമല്‍ സ്റ്റോറേജ് രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന പദ്ധതിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ് രംഗത്ത്. അഞ്ച് കുട്ടികള്‍ക്കാണ് മരുന്ന് നല്‍കിയത്. ശരീര കോശങ്ങളിലെ ലൈസോസോമുകള്‍ പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയുള്ള എന്‍സൈമുകളുടെ അഭാവം കാരണം അവയവങ്ങള്‍ക്ക് നാശം സംഭവിക്കുന്ന അപൂര്‍വ രോഗാവസ്ഥയാണ് ലൈസോസോമല്‍ സ്റ്റോറേജ് ഡിസോഡര്‍.

നവകേരള സദസിനിടെ പരാതി നല്‍കിയ അമ്മയുടെ കുഞ്ഞിനും മരുന്ന് നല്‍കിയിട്ടുണ്ട്. അപൂര്‍വ രോഗ ചികില്‍സാ പദ്ധതിയുടെ ഭാഗമാണിത്. ഇതിലൂടെ പ്രതിമാസം 20 ലക്ഷം രൂപ വില വരുന്ന മരുന്നുകളാണ് സൗജന്യമായി വിതരണം ചെയ്തത്. കെഎംഎസ്‌സിഎല്‍ മുഖേന 53 ലക്ഷം രൂപയുടെ മരുന്നുകളാണ് ആദ്യ ഘട്ടമായി എത്തിച്ചത്.

അതോടൊപ്പം പോംപെ, ഗോഷെ എന്നീ രോഗങ്ങള്‍ക്ക് സൗജന്യ മരുന്ന് നല്‍കുന്ന പദ്ധതിയും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ആരംഭിച്ചു. കൂടാതെ അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി ആദ്യമായി എസ്എടി ആശുപത്രിയില്‍ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ക്ലിനിക്കും ആരംഭിച്ചു.

അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ നല്‍കാനുള്ള പദ്ധതിയും ആവിഷ്‌കരിച്ചതനുസരിച്ച് എസ്എംഎ ബാധിച്ച 56 കുട്ടികള്‍ക്കും സൗജന്യമായി മരുന്നും വിതരണം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം എസ്എടി ആശുപത്രിയിലെത്തി മരുന്ന് സ്വീകരിച്ച കുട്ടികളെയും ബന്ധുക്കളെയും സന്ദര്‍ശിച്ചു.

Related Articles

Back to top button