BREAKING NEWSKERALA

ഐ.സി.യു. പീഡനക്കേസ് : അതിജീവിതയ്‌ക്കൊപ്പംനിന്ന നഴ്സിന്റെ സ്ഥലംമാറ്റം സര്‍ക്കാര്‍ ശരിവെച്ചു

കോഴിക്കോട് : ഗവ. മെഡിക്കല്‍ കോളേജ് ഐ.സി.യു. പീഡനക്കേസില്‍ അതിജീവിതയ്ക്ക് അനുകൂലമായി മൊഴിനല്‍കിയ നഴിസിനെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയത് ശരിവെച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഉത്തരവിറങ്ങിയ വ്യാഴാഴ്ചതന്നെ സീനിയര്‍ നഴ്സിങ് ഓഫീസര്‍ പി.ബി. അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വിടുതല്‍ചെയ്തുകൊണ്ട് പ്രിന്‍സിപ്പല്‍ ഡോ. എന്‍. അശോകനും ഉത്തരവിറക്കി. ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനുമുമ്പാകെ ജോലിക്ക് ഹാജരാകാനും ഉത്തരവില്‍ പറയുന്നു.
നവംബര്‍ 28-നാണ് പി.ബി. അനിതയെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് സ്ഥലംമാറ്റിയുള്ള മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിറങ്ങിയത്. 30-ന് ഉത്തരവ് കൈപ്പറ്റി. അന്നുതന്നെ അനിതയെ സര്‍വീസില്‍നിന്ന് വിടുതല്‍നല്‍കി പ്രിന്‍സിപ്പല്‍ ഉത്തരവിറക്കി.
തുടര്‍ന്നാണ് സ്ഥലംമാറ്റത്തിനെതിരേ അനിത അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. തന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും വിശദീകരണത്തിനുപോലും അവസരം നല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അനിത ഹര്‍ജിനല്‍കിയത്. തുടര്‍ന്ന് സ്ഥലമാറ്റ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. എന്നാല്‍, ഈ ഹര്‍ജി സര്‍ക്കാര്‍ പരിശോധിച്ചശേഷമാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നിയോഗിച്ച സമിതിയുടെ അന്വേഷണത്തിലെ കണ്ടെത്തല്‍ ശരിയാണെന്നും അതിനാല്‍ സ്ഥലമാറ്റ ഉത്തരവ് ഉചിതമാണെന്നും കണ്ടെത്തി ശരിവെച്ചത്.
കഴിഞ്ഞ മാര്‍ച്ച് 18-ന് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് മെഡിക്കല്‍ കോളേജ് ഐ.സി.യു.വില്‍ പാതിമയക്കത്തില്‍ കിടക്കവെ യുവതിയെ ആശുപത്രി അറ്റന്‍ഡര്‍ എം.എം. ശശീന്ദ്രന്‍ പീഡിപ്പിച്ചതായാണ് കേസ്. തുടര്‍ന്ന് വാര്‍ഡിലേക്കുമാറ്റിയ യുവതിയെ ആശുപത്രി ജീവനക്കാരായ അഞ്ചുപേര്‍ സന്ദര്‍ശിച്ച് പ്രതിക്കുവേണ്ടി സ്വാധീനിക്കാന്‍ ശ്രമിച്ചതായും ഭീഷണിപ്പെടുത്തിയതായും പരാതിയുയര്‍ന്നു.
പരാതി അന്വേഷിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സമിതിയെ നിയോഗിച്ചിരുന്നു. ഈ അന്വേഷണക്കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്മേലുള്ള നടപടിയുടെ ഭാഗമായാണ് സ്ഥലംമാറ്റമെന്ന് ഡി.എം.ഇ.യുടെ ഉത്തരവില്‍ പറഞ്ഞിരുന്നു.

Related Articles

Back to top button