BREAKING NEWSKERALALATESTNEWS

ആവശ്യമായ വ്യവസ്ഥകള്‍ പാലിച്ച് മാത്രമേ ഹൗസ് ബോട്ടുകള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കൂവെന്ന് മുഖ്യമന്ത്രി

ആലപ്പുഴ: ഹൗസ് ബോട്ടുകള്‍ക്ക് ആവശ്യമായ വ്യവസ്ഥകള്‍ പാലിച്ച് രജിസ്‌ട്രേഷന്‍ നല്‍കാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടൂറിസ്റ്റുകള്‍ക്ക് ഒരു തരത്തിലുള്ള വിഷമവും ഉണ്ടാക്കരുതെന്നും നല്ല വേഷവും മാന്യമായ പെരുമാറ്റവും ഉറപ്പാക്കണമെന്നും ഹൗസ് ബോട്ട് ജീവനക്കാര്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്താവുന്നതാണെന്നും ആവശ്യമായ പരിശീലനവും നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രജിസ്‌ട്രേഷന്‍ സംബന്ധിച്ച് സെക്രട്ടറി തലത്തില്‍ തീരുമാനമെടുക്കാനും ധാരണയായി. കായലില്‍ അടിഞ്ഞുകൂടുന്ന പോള ശാസ്ത്രീയമായി നീക്കാന്‍ നടപടിയെടുക്കുന്നതിനൊപ്പം കായല്‍ ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട വിഷയം ജലസേചന വകുപ്പുമായി ചേര്‍ന്ന് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ആലപ്പുഴയില്‍ ടൂറിസം മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ഹൗസ് ബോട്ടുകളിലെ മാലിന്യം തള്ളലുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചു കഴിഞ്ഞു. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ( എസ്.ടി.പി) സംബന്ധിച്ച് തദ്ദേശസ്വയം ഭരണ വകുപ്പിനെയും ടൂറിസം വകുപ്പിനെയും പങ്കെടുപ്പിച്ച് ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തണം. ടൂറിസം വകുപ്പ് ആരംഭിക്കുന്ന മൂന്ന് പ്ലാന്റുകള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും ധാരണയായി.

പ്രധാനമായും ചര്‍ച്ച നടന്നത് ശിക്കാര ബോട്ടുകള്‍ക്ക് വ്യവസ്ഥകള്‍ പാലിച്ച് രജിസ്‌ട്രേഷന്‍ കൊടുക്കാമെന്നും ബോട്ടുകള്‍ക്ക് ക്ലാസിഫിക്കേഷന്‍ ഏര്‍പ്പെടുത്തേണ്ട ആവശ്യകതയും അനധികൃതമായി ഹൗസ് ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കരുതെന്നും നിലവില്‍ സര്‍വീസ് നടത്തുന്നവയുടെ ക്രമവത്ക്കരണവും സംബന്ധിച്ചുമായിരുന്നു.

Related Articles

Back to top button