BREAKING NEWSKERALA

ഇ.ഡി. വരുന്നതിന് മുമ്പ് ‘ഹൈറിച്ച്’ ഉടമകള്‍ രക്ഷപ്പെട്ടു; വീട്ടില്‍ റെയ്ഡ്, പോലീസിന് ജാഗ്രതാനിര്‍ദേശം

തൃശ്ശൂര്‍/കൊച്ചി: ‘ഹൈറിച്ച്’ ഓണ്‍ലൈന്‍ ഷോപ്പി ഉടമകള്‍ രക്ഷപ്പെട്ടതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). തൃശ്ശൂരില്‍ ഹൈറിച്ച് ഉടമകളുടെ വീട്ടില്‍ ഇ.ഡി. റെയ്ഡിന് തൊട്ടുമുന്‍പാണ് കമ്പനി എം.ഡി. കെ.ഡി.പ്രതാപന്‍, ഭാര്യയും കമ്പനി സി.ഇ.ഒ.യുമായ ശ്രീന പ്രതാപന്‍, ഡ്രൈവര്‍ സരണ്‍ എന്നിവര്‍ ജീപ്പില്‍ കടന്നുകളഞ്ഞത്. ഇവര്‍ക്കായി സംസ്ഥാന വ്യാപകമായി ജാഗ്രതാനിര്‍ദേശം നല്‍കാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ പോലീസിനോട് ആവശ്യപ്പെട്ടു.
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പില്‍ കമ്പനിയുടമ പ്രതാപന്റെ വീട്ടില്‍ ഇ.ഡി. ഉദ്യോഗസ്ഥരുടെ റെയ്ഡ് തുടരുകയാണ്. ഇ.ഡി. ഉദ്യോഗസ്ഥര്‍ ഇവിടേക്ക് എത്തുന്നതിന് തൊട്ടുമുന്‍പാണ് പ്രതാപനും ഭാര്യയും ഇവിടെനിന്ന് വാഹനത്തില്‍ കടന്നുകളഞ്ഞതെന്നാണ് വിവരം. ഹൈറിച്ച് കമ്പനി നൂറുകോടിയോളം രൂപ വിദേശത്തേക്ക് കടത്തിയെന്ന പരാതിയിലാണ് ഇ.ഡി. പരിശോധന നടത്തുന്നത്.
തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഹൈറിച്ച്’ കമ്പനി നടത്തിയത് 1630 കോടി രൂപയുടെ തട്ടിപ്പാണെന്ന് നേരത്തെ പോലീസ് റിപ്പോര്‍ട്ടിലും സൂചിപ്പിച്ചിരുന്നു. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ മറവില്‍ മണിച്ചെയിന്‍ തട്ടിപ്പാണെന്നാണ് തൃശ്ശൂര്‍ കോടതിയില്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നത്. ഇത് കേരളം കണ്ട ഏറ്റവും വലിയ മണിച്ചെയിന്‍ തട്ടിപ്പാകാന്‍ സാധ്യതയുണ്ടെന്നും ക്രിപ്റ്റോകറന്‍സി ഇടപാട് അടക്കം നിരവധി അനുബന്ധസ്ഥാപനങ്ങളും കമ്പനിക്കുണ്ടെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
‘ഹൈറിച്ച്’ ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 126 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയതായി നേരത്തെ ജി.എസ്.ടി. വകുപ്പ് കണ്ടെത്തിയിരുന്നു. നികുതിവെട്ടിപ്പില്‍ കമ്പനി ഡയറക്ടറായ കോലാട്ട് പ്രതാപന്‍ അറസ്റ്റിലാവുകയും ചെയ്തു. ഇതിനുപിന്നാലെ കമ്പനിയുടെ സ്വത്ത് താത്കാലികമായി മരവിപ്പിക്കാന്‍ ബഡ്‌സ് ആക്ട് കോംപിറ്റന്റ് അതോറിറ്റി എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.

Related Articles

Back to top button