BREAKING NEWSKERALA

ഗവര്‍ണര്‍ക്ക് ഇനി സിആര്‍പിഎഫ് കമാന്‍ഡോകളുടെ സെഡ് പ്ലസ് സുരക്ഷ

കൊല്ലം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് റോഡരികിലിരുന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിഷേധിച്ച സംഭവത്തിനു പിന്നാലെ ഗവര്‍ണര്‍ക്ക് സിആര്‍പിഎഫ് കമാന്‍ഡോകളുടെ സെഡ് പ്ലസ് സുരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്ഭവനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യമറിയിച്ചു.
നിലവില്‍ കേരള പൊലീസാണ് ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കുന്നത്. സെഡ് പ്ലസ് സുരക്ഷയാകുന്നതോടെ 55 അംഗ സുരക്ഷാ സേനയ്ക്കാകും ഗവര്‍ണറുടെ സുരക്ഷാ ചുമതല. ഇതില്‍ പത്തിലേറെ കമാന്‍ഡോകളും ഉള്‍പ്പെടുന്നു. അഞ്ചിലേറെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ അടങ്ങിയ വാഹനവ്യൂഹവും ഗവര്‍ണര്‍ക്ക് അകമ്പടി സേവിക്കും.
കൊല്ലത്തെ പ്രതിഷേധ സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നും ഗവര്‍ണറെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കിയതായി രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഉപരാഷ്ട്രപതി ജഗ്ധീപ് ധന്‍കര്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഗവര്‍ണറെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കി.
റോഡരികിലിരുന്നുള്ള പ്രതിഷേധത്തിനിടെ തന്നെ കേന്ദ്ര അഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിലും കാര്യങ്ങള്‍ അറിയിച്ചു. ഇതിനു പിന്നാലെയാണ് കേന്ദ്ര ഇടപെടല്‍. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ വിശദാംശങ്ങള്‍ കേന്ദ്രത്തിന് രാജ്ഭവന്‍ കൈമാറി. സംഭവവികാസങ്ങളെക്കുറിച്ച് കേന്ദ്രത്തിനു റിപ്പോര്‍ട്ടു നല്‍കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.
അതേസമയം, ഗവര്‍ണറുടെ നടപടികള്‍ കേന്ദ്രനിര്‍ദേശപ്രകാരമാണെന്ന ആരോപണവുമായി മന്ത്രി എം.ബി.രാജേഷും രംഗത്തെത്തി. ശിശുസഹജമായ അദ്ദേഹത്തിന്റെ കൗതുകങ്ങളോ വാശിയോ മാത്രമായി ഇതിനെ കാണാനാവില്ല. കാരണം, പ്രതിഷേധത്തിനു തൊട്ടുപിന്നാലെ കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രതികരണം വന്നു. ഗവര്‍ണറുടെ പ്രകടനത്തിന് കേന്ദ്രമന്ത്രിയുടെ പക്കമേളം തൊട്ടുപിന്നാലെ വരുമ്പോള്‍ അതു കാണിക്കുന്നത് വിപുലമായ രാഷ്ട്രീയ അജന്‍ഡയാണ്. തിരഞ്ഞെടുപ്പിലേക്ക് പോകുകയാണെന്നാണ് മനസ്സിലാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
കൊല്ലം നിലമേലില്‍ പ്രകടനം നടത്തിയ എസ്എഫ്‌ഐക്കാരെ അറസ്റ്റു ചെയ്യാത്തതിലാണ് കാറില്‍ നിന്നിറങ്ങി കസേരയിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതിഷേധിച്ചത്. പൊലീസിനെ രൂക്ഷഭാഷയില്‍ ശകാരിക്കുകയും ചെയ്തു. 12 പേരെ അറസ്റ്റു ചെയ്‌തെന്നു പൊലീസ് പറഞ്ഞെങ്കിലും ഏകദേശം അന്‍പതോളം പേരുണ്ടായിരുന്നെന്നും അവരെയെല്ലാം അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ഗവര്‍ണറുടെ പ്രതിഷേധം.
എഫ്‌ഐആര്‍ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒടുവില്‍ എഫ്‌ഐആര്‍ കണ്ടതിനു ശേഷമാണ് ഗവര്‍ണര്‍ കാറില്‍ കയറി കൊട്ടാരക്കരയിലെ പരിപാടിയിലേക്കു പോയത്. 17 പേര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാരാണ് പ്രകടനക്കാരെ നിരത്തില്‍ എത്തിക്കുന്നതെന്നും ആരോപിച്ചു.

Related Articles

Back to top button