BREAKING NEWSKERALA

മുഖ്യമന്ത്രിക്ക് നേരെയുണ്ടായ കെ.എസ്.യുവിന്റെ പ്രതിഷേധങ്ങളെ ഏത് രീതിയിലാണ് നേരിട്ടത്? ക്രൂരമായി മര്‍ദ്ദിച്ചത് എന്തിന്?: കെ.എസ്.യു

തിരുവനന്തപുരം: അധികാരസ്ഥാനത്ത് ഇരിക്കുന്നവര്‍ക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അപഹാസ്യമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന് നേരെയുണ്ടാകുന്ന ജനാധിപത്യ പ്രതിഷേധങ്ങളെ ഏത് രീതിയിലാണ് നേരിട്ടത് എന്ന് ഓര്‍മ്മയുണ്ടോയെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ചോദിച്ചു.
ഏറ്റവുമൊടുവില്‍ നവകേരള സദസ്സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചത് ജനാധിപത്യ കേരളം മറന്നിട്ടില്ല .കെ.എസ്.യു ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ.ഡി തോമസിനെയും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസിനെയും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുക്കാന്‍ കോടതി ഉത്തരവ് ഉണ്ടായിട്ടും, കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയത്.
കെ.എസ്.യുവിന്റെ കരിങ്കൊടി പ്രതിഷേധങ്ങള്‍ ഉണ്ടാകുമ്പോള്‍ മുഖ്യമന്ത്രിയുടെ സമീപനം ഏത് തരത്തിലായിരുന്നുവെന്ന് കേരളം കണ്ടതാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേ സമയം സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുന്ന പൊറാട്ട് നാടകമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. ”കീലേരി അച്ചു ‘ ആവാനുള്ള ഗവര്‍ണ്ണറുടെ ശ്രമങ്ങളെ എസ്.എഫ്.ഐ ഇത്തരം പ്രതിഷേധങ്ങളിലൂടെ പ്രോത്സാഹിപ്പിക്കുകയാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പരിഹസിച്ചു.

Related Articles

Back to top button